aeo
പ്രവേശനോത്സവം നടത്താത്തതിൽ പ്രതിഷേധിച്ച് ജനപ്രതിനിധികളും , സി.പി. എം ,ഡി.വൈ.എഫ്.ഐ പ്രവർത്തകരും ചേർന്ന് കല്ലൂർക്കാട് എ.ഇ.ഒ ഓഫീസ് ഉപരോധിക്കുന്നു

മുവാറ്റുപുഴ: കല്ലൂർക്കാട് പഞ്ചായത്തിലെ മണിയന്ത്രം ഗവ. എൽ.പി സ്കൂളിൽ പ്രവേശനോത്സവം മുടങ്ങി. സംഭവമറിഞ്ഞെത്തിയ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ കല്ലൂർക്കാട് എ.ഇ.ഒ ഓഫീസ് ഉപരോധിച്ചു. കെ.കെ. ജയേഷ്, ടി. പ്രസാദ്, എ.കെ. ജിബി, പഞ്ചായത്ത് മെമ്പർമാരായ ഷൈനി സണ്ണി, ടോണി വിൻസന്റ്, എസ്. പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.

വാർഡ് മെമ്പർ, മറ്റ് പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവരെ ആരേയും പ്രവേശനോത്സവ നടത്തിപ്പിന്റെ കാര്യം സ്ക്കൂൾ അധികൃതർ അറിയിച്ചില്ല. എന്നാൽ പ്രവേശനോത്സവം വിപുലമായി സംഘടിപ്പിച്ചില്ലെന്നാണ് സ്ക്കൂൾ അധികൃതരുടെ വാദം.

പ്രതിഷേധത്തെത്തുടർന്ന് മൂവാറ്റുപുഴ ഡി.ഇ.ഒ പത്മകുമാരി സ്കൂളിലെത്തി വിവരങ്ങൾ തിരക്കി.സ് കൂളിൽ നാളുകളായി അദ്ധ്യാപകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രശ്നങ്ങളും പ്രവേശനോത്സവം നടത്താത്തതും സംബന്ധിച്ച പരാതി വാർഡ് മെമ്പർ ഷൈനി സണ്ണി ഡി.ഇ.ഒയ്ക്ക് നൽകി. ഇതു സംബന്ധിച്ച വിവരങ്ങൾ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ അറിയിച്ച് തുടർ നടപടിയെടുക്കുമെന്ന ഉറപ്പ് നൽകിയതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എ.ഇ.ഒ എ. സി. മനുവിനെ ചുമതലപ്പെടുത്തി.