udf
പ്രളയത്തിൽ തകർന്ന കായനാട് എൽപി സ്കൂൾ കെട്ടിടം പുനർ നിർമിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മാറാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഏകദിന ഉപവാസ സമരം മുൻ എം.എൽ.എ.ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: പ്രളയത്തിൽ തകർന്ന കായനാട് എൽ.പി സ്കൂൾ കെട്ടിടം പുനർ നിർമിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മാറാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസം നടത്തി. സ്കൂൾ കായനാട് സെന്റ് ജോർജ് പള്ളിയുടെ സൺഡേ സ്കൂൾ കെട്ടിടത്തിലാണ് നിലവിൽ പ്രവർത്തിക്കുന്നത്. പുതിയ അദ്ധ്യയനവർഷത്തിലും സ്ഥിതിക്ക് മാറ്റമില്ല. ഈ സംവിധാനം എത്ര കാലത്തേക്കെന്ന് എം.എൽ.എയ്ക്കോ പഞ്ചായത്ത് ഭരണസമിതിക്കോ പറയാൻ കഴിയുന്നില്ല. സ്കൂളിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കഴിയാത്തതിനാൽ പുതിയ അദ്ധ്യയന വർഷത്തിൽ പുതുതായി ആരും പ്രവേശനത്തിന് എത്തിയിട്ടില്ല.

പ്രളയത്തിൽ മുങ്ങിപ്പോയപ്പോൾ സ്‌കൂൾ ഇനി സുരക്ഷിതമല്ലെന്നു അധികൃതർ വിധിയെഴുതിയതോടെയാണ് സ്‌കൂൾ കെട്ടിടം ഉപേക്ഷിക്കപ്പെട്ടത്. സൺഡേ ക്ലാസുകൾ നടക്കുന്നതിനാൽ എൽ.പി സ്‌കൂളിൽ ആഴ്ചയിൽ ക്ലാസുകൾ അവസാനിക്കുമ്പോൾ പുസ്തകങ്ങളും ഫയലുകളും മറ്റ് പഠനോപകരണങ്ങളുമൊക്കെ കെട്ടിടത്തിലെ ഒരു മുറിയിലേക്ക് മാറ്റണം. തിങ്കളാഴ്ച ഇവ വീണ്ടും സ്‌കൂളിലെ ക്ലാസ് മുറികളിലേക്കു തിരികെ എത്തിക്കണം. വിദ്യാർഥികളും നാട്ടുകാരും പലവട്ടം അധികാരികളെ കണ്ടെങ്കിലും സ്‌കൂൾ നവീകരണത്തിന് നടപടിയുണ്ടായിട്ടില്ല. എഴുപത് വർഷം പഴക്കമുള്ള കായനാട് പ്രദേശത്തെ ഏക സർക്കാർ സ്കൂൾ ആണിത്.
ഉപവാസ സമരം മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൽദോ വർഗീസ് അദ്ധ്യക്ഷത വഹിച്ചു ജോയി മാളിയേക്കൽ, സാബു ജോൺ, ഒ.പി.ബേബി, വി.ജി. ഏലിയാസ്, സജി ടി ജേക്കബ്, ബിജു പുളിക്കർ ,പി.പി.ജോളി, സമീർ കോണിക്കൽ, രതീഷ്ചങ്ങാലിമറ്റം, ജിക്കു വർഗീസ്, ജിതിൻ രാജു എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം. യു.ഡി.എഫ്. നിയോജക മണ്ഡലം ചെയർമാൻ കെ.എം. സലിം ഉദ്ഘാടനം ചെയ്തു.