തിങ്കളാഴ്ച കളക്ടറേറ്റിൽ പബ്ളിക് ഹിയറിംഗ്
കളക്ടർ ഉൾപ്പെടെ പങ്കെടുക്കും
പൊതുജനങ്ങൾക്ക് പരാതികളും സംശയങ്ങളും ഉന്നയിക്കാം
കൊച്ചി : ബ്രഹ്മപുരത്ത് കൊച്ചി നഗരസഭ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ആധുനിക മാലിന്യസംസ്കരണ പ്ലാന്റ് സംബന്ധിച്ച തെളിവെടുപ്പ് അനുമതി ലഭിക്കുന്നതിൽ നിർണായകമാകും. പൊതുജനങ്ങൾക്കും തെളിവെടുപ്പിൽ അഭിപ്രായം അറിയിക്കാം. മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന നിർദ്ദിഷ്‌ട പ്ലാന്റിനെക്കുറിച്ചുള്ള ആശങ്കകളും വിയോജിപ്പുകളും പങ്കുവയ്ക്കാം.
പ്ളാന്റ് നിർമ്മാണത്തിന് കരാറെടുത്ത ജി.ജെ.ഇക്കോ പവർ ലിമിറ്റഡ് കമ്പനിയുടെ വക്താക്കൾ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകും. തിങ്കളാഴ്ച രാവിലെ പത്തിന് കാക്കനാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ആരംഭിക്കുന്ന പബ്ളിക് ഹിയറിംഗിൽ ജില്ല കളക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. പരിപാടിയുടെ വീഡിയോ, ഓഡിയോ ദൃശ്യങ്ങൾ പിന്നീട് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന് അയച്ചുകൊടുക്കും. ഈ ചർച്ചകൾ വിലയിരുത്തിയ ശേഷമാവും പദ്ധതിക്ക് പാരിസ്ഥിതികാനുമതി നൽകുന്ന കാര്യത്തിൽ കേന്ദ്രമന്ത്രാലയം അന്തിമതീരുമാനം കൈകൊള്ളുക.
മലിനീകരണ നിയന്ത്രണ ബോർഡാണ് ഹിയറിംഗ് നടത്തുന്നത്. ഇതിന് മുന്നോടിയായി പദ്ധതിയുടെ രൂപരേഖ രണ്ടു മാസം മുമ്പ് ബോർഡിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. പാരിസ്ഥിതികാനുമതി ലഭിച്ചാലുടൻ പുതിയ പ്ളാന്റിന്റെ നിർമ്മാണം ആരംഭിക്കുമെന്ന് കമ്പനി അധികൃതർ പറഞ്ഞു.
# ചർച്ച തുടങ്ങിയിട്ട് അഞ്ചു വർഷം
ബ്രഹ്മപുരത്ത് കൊച്ചി കോർപ്പറേഷന്റെ അധീനതയിലുള്ള 106 ഏക്കർ സ്ഥലത്തു നിന്ന് 20 ഏക്കറാണ് പുതിയ പ്ലാന്റിനായി നീക്കിവച്ചത്. 2017 ഫെബ്രുവരി 17 ന് ജി.ജെ. കമ്പനിയും കോർപ്പറേഷനും തമ്മിൽ കരാർ ഒപ്പിട്ടു. പദ്ധതി ഇഴഞ്ഞുനീങ്ങിയതോടെ മേൽനോട്ട ചുമതല സർക്കാർ കളക്ടറെ ഏല്പിച്ചു.
# സ്ഥലത്തിന്റെ ഉടമസ്ഥാവകാശം നൽകില്ലെന്ന് കോർപ്പറേഷൻ
പ്ലാന്റ് നിർമ്മിക്കുന്നതിന് 20 ഏക്കർ സ്ഥലമാണ് പാട്ടത്തിന് നൽകുന്നത്. വാടകയിനത്തിൽ പ്രതിമാസം പത്തു ലക്ഷം രൂപ കോർപ്പറേഷന് നൽകണമെന്നാണ് കരാർ. അതിനിടെ പദ്ധതിക്ക് പണം സ്വരൂപിക്കുന്നതിനായി ബാങ്കിൽ നിന്ന് വായ്പയെടുക്കാനുള്ള സൗകര്യത്തിനായി സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തങ്ങൾക്ക് വിട്ടുനൽകണമെന്ന ആവശ്യവുമായി കമ്പനി സർക്കാരിനെ സമീപിച്ചു. സർക്കാർ ഇക്കാര്യം കോർപ്പറേഷന്റെ തീരുമാനത്തിന് വിട്ടു. ഈ ആവശ്യം കോർപ്പറേഷൻ നിരസിച്ചു.
# ഹരിത ട്രൈബ്യൂണൽ യോഗം 14 ന്
പ്ളാസ്റ്റിക് മാലിന്യമലകളിൽ തുടർച്ചയായ തീപ്പിടിത്തത്തെ തുടർന്ന് നിലവിലുള്ള പ്ളാന്റിന്റെ പ്രവർത്തനത്തിനെതിരെ സമീപ പഞ്ചായത്തുകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്ലാന്റിന്റെ കാര്യത്തിൽ ഇതുവരെ കോർപ്പറേഷൻ സ്വീകരിച്ച നടപടികൾ വിലയിരുത്തുന്നതിനായി 14 ന് ഹരിതട്രൈബ്യൂണൽ തിരുവനന്തപുരത്ത് യോഗം ചേരും. ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ളയാണ് ട്രൈബ്യൂണൽ കമ്മിഷൻ.
.