കൊച്ചി: ജില്ലയെ ഇ മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയും ശുചിത്വമിഷനുമായി ചേർന്ന് നടപ്പാക്കുന്ന ഇ മാലിന്യ ശേഖരണപദ്ധതി കേരള ലീഗൽ സർവീസസ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് സി.കെ. അബ്ദുൾ റഹിം ഉദ്ഘാടനം ചെയ്തു. ജില്ലാ സെഷൻസ് ജഡ്‌ജി ഡോ. കൗസർ ഇടപഗത്ത് അദ്ധ്യക്ഷത വഹിച്ചു.
സി.ബി.ഐ സ്‌പെഷ്യൽ ജഡ്‌ജി കെ. സത്യൻ, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി ശാലീന വി.ജി. നായർ, ഗവൺമെന്റ് പ്ലീഡർ ടി.പി. രമേശ്, ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ജെയ്ബാൽ, പി.ടി. ജോസ്, എ.പി. സുനിൽ എന്നിവർ പ്രസംഗിച്ചു.
ആദ്യഘട്ടത്തിൽ കോടതിയിലെയും സർക്കാർ ഓഫീസുകളിലെയും ജീവനക്കാരിൽ നിന്നാണ് ഇ മാലിന്യം ശേഖരിക്കുന്നത്. അടുത്തഘട്ടത്തിൽ റസിഡൻസ് അസോസിയേഷനുകളുമായി ചേർന്ന് പൊതുജനങ്ങളിൽ നിന്നും ശേഖരിക്കുമെന്ന് ലീഗൽ സർവീസസ് അതോറിറ്റി അധികൃതർ അറിയിച്ചു. ഫോൺ : 0484 2396717.