കൊച്ചി : പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തേവര സേക്രട്ട് ഹാർട്ട് കോളേജ് കെ.വി.തോമസ് വിദ്യാധനം ട്രസ്റ്റുമായി ചേർന്ന് ആരംഭിക്കുന്ന.വിദ്യാർത്ഥികൾക്കുള്ള സ്കിൽ ഡെവലപ്മെന്റ് സർട്ടിഫിക്കറ്റ് കോഴ്സുകൾ ഇന്നു തുടങ്ങും. രാവിലെ 10 ന് കോളേജ് ഹാളിൽ നടക്കുന്ന ഹൃദ്യാരംഭം - 2019 എന്നുപേരിട്ടിരിക്കുന്ന കോഴ്സിൽ വിദ്യാധനം ട്രസ്റ്റ് ചെയർമാനും മുൻ എം.പിയുമായ പ്രൊഫ. കെ.വി. തോമസ് , തമിഴ്നാട് മുൻ ചീഫ് സെക്രട്ടറി ഡോ. ജെ. അലക്സാണ്ടർ , കൊച്ചിൻ ഷിപ്പ് യാർഡ് ചെയർമാൻ മധു. എസ് നായർ, എറണാകുളം മുൻ ജില്ലാ കളക്ടർ എം.പി. ജോസഫ് , പ്രിൻസിപ്പൽ ഡോ. പ്രശാന്ത് പാലക്കപ്പള്ളിൽ എന്നിവർ ക്ളാസെടുക്കും.

36 മണിക്കൂറാണ് കോഴ്സിന്റെ ദെെർഘ്യം. ശനിയാഴ്ചകളോ പ്രവൃത്തിദിവസങ്ങളിൽ റഗുലർ ക്ളാസിന് ശേഷമുള്ള സമയങ്ങളോ വിദ്യാർത്ഥികൾക്ക് ഉപയോഗപ്പെടുത്താം. കോഴ്സുകൾക്ക് ചെറിയ തുക വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കും . സാമ്പത്തികശേഷി കുറഞ്ഞവർക്ക് കോഴ്സ് ചെലവ് ട്രസ്റ്റ് വഹിക്കും. വിദ്യാർത്ഥികൾക്ക് ഇൻഡസ്ട്രി സപ്പോർട്ടും പുറമെ നിന്നുള്ള വിദഗ്ദ്ധരുടെ ക്ളാസും നൽകും. വിദ്യാർത്ഥികൾക്ക് അവർക്കിഷ്ടമുള്ള ആഡ് - ഓൺ കോഴ്സുകൾ തിരഞ്ഞെടുക്കാം. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകളും ലഭിക്കും. കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കുന്നതോടൊപ്പം തൊഴിൽ ഉറപ്പാക്കാൻ പ്രമുഖ കമ്പനികളുമായി ചേർന്നാണ് കോഴ്സുകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് ട്രസ്റ്റ് ചെയർമാൻ കെ.വി. തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.