sahru
എറണാകുളം റയിൽവേ ചൈൽഡ് ലൈൻ വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള സ്വപ്നയാത്രയ്ക്ക് റയിൽവേ ഏരിയ മാനേജർ നിഥിൻ റോബർട്ട് ഫ്‌ളാഗ് ഒഫ് ചെയ്യുന്നു. കെ.പി.ബി. പണിക്കർ, രഘുനാഥൻ, വി.ടി. ദിലീപ്, ഫാ. പോൾ ചെറുപിള്ളി, ഷാനോ ജോസ് തുടങ്ങിയവർ സമീപം.

കൊച്ചി : പരിമിതികളുടെ ലോകത്തുള്ളവർക്ക് പരിധിയില്ലാതെ സ്വപ്നയാത്രയൊരുക്കി എറണാകുളം ചൈൽഡ് ലൈൻ വാർഷികം ആഘോഷിച്ചു. കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രാലയത്തിന്റെയും റയിൽവേയുടെയും സഹകരണത്തോടെ ചൈൽഡ് ലൈൻ ഇന്ത്യ ഫൗണ്ടേഷന്റെ കീഴിൽ എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സഹൃദയ ചൈൽഡ് ഹെൽപ്പ് ഡസ്‌കിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായാണ് യാത്ര ഒരുക്കിയത്.

പള്ളുരുത്തി രക്ഷാ സ്‌പെഷ്യൽ സ്‌കൂൾ, കൂനമ്മാവ് ചാവറ സദൻ , കുമ്പളം ബഡ്‌സ് സ്‌കൂൾ എന്നീ സ്‌പെഷ്യൽ സ്‌കൂളുകളിലെ 92 കുട്ടികൾക്ക് എറണാകുളം മുതൽ ആലപ്പുഴവരെയാണ് സൗജന്യ ട്രെയിൻയാത്രയൊരുക്കിയത്. ബലൂണുകളും റിബണുകളും കൊണ്ട് അലങ്കരിച്ച കമ്പാർട്ടുമെന്റിൽ ആടിയും പാടിയും യാത്ര ആഘോഷമാക്കിയ കുട്ടികൾക്ക് ആലപ്പുഴയിൽ ജില്ലാ ചൈൽഡ് ലൈനിന്റെ നേതൃത്വത്തിൽ സ്വീകരണവും ഒരുക്കി. റയിൽവേ ഏരിയ മാനേജർ നിഥിൻ റോബർട്ട് സ്വപ്നയാത്രയ്ക്ക് പച്ചക്കൊടി വീശി. സൗത്ത് റയിൽവേ സ്റ്റേഷനിൽ നടന്ന വാർഷിക സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്തു.
എറണാകുളം ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ.ബി. സൈന അദ്ധ്യക്ഷത വഹിച്ചു.

ശിശു സംരക്ഷണ ഓഫീസർ കെ.ബി. സൈന അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ശിശുക്ഷേമസമിതി അംഗം ഡോ. രഘുനാഥൻ മുഖ്യപ്രഭാഷണം നടത്തി. ഹ്രസ്വചിത്രത്തിന്റെ പോസ്റ്റർ പ്രകാശനം റയിൽവെ പ്രൊട്ടക്ഷൻ ഫോഴ്‌സ് പോസ്റ്റ് കമാൻഡോ ഓഫീസർ ഗണേഷ് നിർവഹിച്ചു. സ്റ്റേഷൻ മാനേജർ കെ.പി.ബി. പണിക്കർ, ഫാ. ജെൻസൺ, സഹൃദയ ഡയറക്ടർ ഫാ. പോൾ ചെറുപിള്ളി, റയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഇൻസ്‌പെക്ടർ വി.ടി. ദിലീപ്, ജിതിൻ സേവ്യർ, മുൻ സ്റ്റേഷൻ മാസ്റ്റർ പി. രോഹിത്, ചൈൽഡ് ലൈൻ കോ ഓർഡിനേറ്റർ ഷാനോ ജോസ് എന്നിവർ പ്രസംഗിച്ചു.