കൊച്ചി : പ്രളയത്തിൽ എല്ലാ നഷ്ടപ്പെട്ട ഒരു കുടുംബത്തിന് കൂടി വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയതി​ന്റെ ചാരി​താർത്ഥ്യത്തി​ലാണ് കൊല്ലം ടി.കെ.എം എൻജിനീയറിംഗ് കോളേജിലെ 1994 ബാച്ചുകാർ. പ്രളയം കണ്ണീരായി കുടുംബങ്ങളിലേക്ക് പെയ്തിറങ്ങിയപ്പോൾ ആ ദുരിതത്തിന്റെ വേദന നെഞ്ചിലേറ്റിയ പൂർവ വിദ്യാർത്ഥിക്കൂട്ടായ്മ സുരക്ഷിതമായ പാർപ്പിടെമൊരുക്കാൻ സ്വയം മുന്നോട്ടുവരികയായിരുന്നു. മൂന്നുകുടുംബങ്ങൾക്കാണ് ഇവർ ആദ്യഘട്ടത്തിൽ വീട് നിർമ്മിച്ച് നൽകുന്നത്.

കടമക്കുടി പിഴല സ്വദേശി ഷാജുവിന് ഇന്ന് വീടിന്റെ താക്കോൽ സമ്മാനിക്കും. രാവിലെ 9 ന് കടമക്കുടി പിഴലയിൽ നടക്കുന്ന ചടങ്ങിൽ പ്രളയകാലത്ത് രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികൾ വീടിന്റെ താക്കോൽ കെെമാറും. 550 ചതുശ്രയടി വിസ്തീർണത്തിൽ രണ്ട് കിടപ്പുമുറികളം അടുക്കളയും ശൗചാലയവും ഹാളും ഉൾക്കൊള്ളുന്ന വീടാണ് സമ്മാനിക്കുന്നത്. പൂർവവിദ്യാർത്ഥി കൂട്ടായ്മ നിർമ്മിച്ച് നൽകുന്ന രണ്ടാമത്തെ വീടാണ് ഷാജുവിന്റേത്. ആദ്യ വീടൊരുക്കിയത് കൂനമ്മാവ് സ്വദേശി ആന്റണിക്കായിരുന്നു. 80 ദിവസം കൊണ്ടാണ് ആന്റണിക്ക് വീടൊരുക്കിയത്. 70 ദിവസം കൊണ്ട് ഷാജുവിന്റെ വീടിന്റെ നിർമ്മാണവും പൂർത്തീകരിച്ചു. നിർമ്മാണ സാമഗ്രികൾ തലച്ചുമടായാണ് എത്തിച്ചത്. 8.5 ലക്ഷം രൂപയാണ് ഓരോ വീടിന്റേയും നിർമ്മാണ ചെലവ്.

2014 ലാണ് ടി.കെ.എം. എൻജിനീയറിംഗ് കോളേജ് 94 ബാച്ചിലെ വിദ്യാർത്ഥികൾ ചേർന്ന് ടി.കെ.എം.സി.ഇ 94 അലുംമ്നി അസോസിയേഷൻ രൂപീകരിച്ചത്. ആഗസ്റ്റിലെ പ്രളയത്തിൽ കടമക്കുടി, കൂനമ്മാവ് പ്രദേശങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ അത്യാവശ്യസാധനങ്ങൾ ഇവർ ദുരിതബാധിതർക്ക് എത്തിച്ചുകൊടുത്ത് സഹായമേകി. ദുരിതബാധിതർക്ക് വീട് നിർമ്മിച്ച് നൽകണമെന്നത് അസോസിയേഷനിലെ ബെന്നി കോതാടിന്റെ ആശയമായിരുന്നു. ആർക്കിടെക്ട് സെബാസ്റ്റ്യൻ അടക്കമുള്ളവർ പിന്തുണയേകി. ആദ്യ വീടിന്റെ നിർമ്മാണത്തിൽ കൂനമ്മാവ് സെന്റ് ഫിലോമിനാസ് എൽ.പി.എസിലെ അദ്ധ്യാപകരും കുട്ടികളും പങ്കാളികളായി. രണ്ടാമത്തെ വിടിന് ധനം സമാഹരിച്ചത് അസോസിയേഷൻ അംഗങ്ങൾ ഉൾപ്പെടുന്ന യു.എസ്.എയിലെ ലോവ മലയാളി അസോസിയേഷനാണ്.

ചിറ്റൂർ സ്വദേശി ദാസന് നിർമ്മിച്ചുനൽകുന്ന മൂന്നാമത്തെ വീടിന്റെ നിർമ്മാണ ചെലവ് വഹിക്കുന്നത് അസോസിയേഷനിലെ ആർക്കിടെക്ചർ വിഭാഗത്തിലെ അംഗങ്ങളാണ്. ബെന്നി കോതാടും ആർക്കിടെക്ട് സെബാസ്റ്റ്യനുമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.