containertoilet
കണ്ടെയ്‌നർ ടോയ്‌ലെറ്റിന്റെ ഉദ്ഘാടനം കൊച്ചിൻ ഷിപ്പ്‌യാർഡ് ചെയർമാൻ മധു എസ്. നായർ നിർവഹിക്കുന്നു. ബി.കെ.ആർ.ജി സെക്രട്ടറി ഷെർളി ചാക്കോ, ക്രെഡായ് ക്ലീൻ സിറ്റി മൂവ്‌മെന്റ് പ്രസിഡന്റ് ഡോ. നജീബ് സക്കറിയ, കൗൺസിലർ സി.കെ. പീറ്റർ, ആർക്കിടെക്ട് എസ്. ഗോപകുമാർ, കൗൺസിലർ ഡേവിഡ് പറമ്പിത്തറ എന്നിവർ സമീപം

കൊച്ചി: നഗരത്തിലെത്തുന്നവർക്ക് ഉപയോഗിക്കാൻ ഇനി കണ്ടെയ്നർ ടോയ്ലറ്റ് സംവിധാനവും. പദ്ധതിയിലെ ആദ്യത്തെ ടോയ്ലറ്റ് എറണാകുളം എം.ജി. റോഡിൽ തേവര അറ്റ്‌ലാന്റിസ് ജംഗ്ഷനിൽ തുറന്നു. ശുചിത്വവും വൃത്തിയും മുഖമുദ്ര‌യാക്കിയാണ് ആധുനികരീതിയിൽ ടോയ്ലറ്റ് സ്ഥാപിച്ചത്.

കണ്ടെയ്‌നർ ടോയ്‌ലറ്റിന്റെ ഉദ്ഘാടനം കൊച്ചി കപ്പൽശാല ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായർ നിർവഹിച്ചു. കൊച്ചി കപ്പൽശാലയുടെ സാമൂഹ്യസുരക്ഷാ പദ്ധതികളുടെ ഭാഗമായി സാമ്പത്തിക സഹായത്തോടെയാണ് വെടിപ്പും വൃത്തിയുമുള്ള പൊതു ശൗചാലയങ്ങൾ എന്ന പദ്ധതിയുടെ ഭാഗമായി ബെറ്റർ കൊച്ചി റെസ്‌പോൺസ് ഗ്രൂപ്പ് (ബി.കെ.ആർ.ജി) റിയൽ എസ്റ്റേറ്റ് സംരംഭകരുടെ സംഘടനയായ ക്രെഡായിയുടെ ക്ലീൻ സിറ്റി മൂവ്‌മെന്റുമായി സഹകരിച്ചാണ് കണ്ടെയ്‌നർ ടോയ്‌ലറ്റിന്റെ പരിപാലനം.

പുരുഷന്മാർ, സ്ത്രീകൾ, അംഗവൈകല്യമുള്ളവർ, ട്രാൻസ്‌ജെൻഡേഴ്‌സ് എന്നിവർക്കായി പ്രത്യേക ടോയ്‌ലറ്റുകൾ നിർമ്മിച്ചിട്ടുണ്ട്. ട്രാൻസ്‌ജെൻഡറുകൾക്ക് വേണ്ടിയുള്ള ആദ്യ പൊതു ടോയ്‌ലെറ്റ് കൂടിയാണിത്.

20 അടി വിസ്തീർണമുള്ള കണ്ടെയ്‌നറാണ് ടോയ്‌ലറ്റായി രൂപകല്പന ചെയ്തത്. ഉയർന്ന ഗുണനിലവാരമുള്ള അലൂമിനിയം പാനലുകൾ ഉപയോഗിച്ചാണ് ടോയ്‌ലറ്റിന്റെ ഉൾത്തളം ഒരുക്കിയത്. കുമാർ ഗ്രൂപ്പ് ആർക്കിടെക്‌ട്സ് ആണ് ടോയ്‌ലറ്റ് രൂപകല്പന നിർവഹിച്ചത്. ജനാലകൾ ഉണ്ടാവില്ല. പകരം റൂഫ്‌ടോപ്പ് എക്‌സ്‌ഹോസ്റ്റ് സംവിധാനമാണ് ഉപയോഗിക്കുന്നത്. മേൽക്കൂരയിൽ സ്ഥാപിച്ച ഗ്ലാസുകളിലൂടെ യഥേഷ്ടം സൂര്യപ്രകാശം ഉള്ളിലെത്തും. വീൽ ചെയർ ഉപയോഗിക്കുന്നവർക്ക് പ്രത്യേക റാമ്പും തയാറാക്കിയിട്ടുണ്ട്. എൽ.ഇ.ഡി ലൈറ്റുകളാണ് ഉപയോഗിക്കുന്നത്. ടോയ്‌ലറ്റിന്റെ മുൻഭാഗത്ത് പരസ്യം നൽകാനുള്ള സംവിധാനവും വെർട്ടിക്കൽ ഗാർഡനും ഒരുക്കിയിട്ടുണ്ട്.

രാജ്യാന്തര നിലവാരത്തിൽ ടോയ്‌ലറ്റ് നിർമ്മിച്ചതിനാൽ വിനോദ സഞ്ചാരികൾക്കും ഉപയോഗിക്കാം. പണം കൊടുത്ത് ഉപയോഗിക്കാം. ടോയ്‌ലറ്റിന്റെ ശുചീകരണവും നടത്തിപ്പ് ചുമതലയും ക്രെഡായ് ക്ലീൻ സിറ്റി മൂവ്‌മെന്റിനാണ്.

എറണാകുളം കളക്ടറേറ്റിന് സമീപം പത്ത് വർഷമായി ക്രെഡായ് ക്ലീൻ സിറ്റി മൂവ്‌മെന്റിന്റെ മേൽനോട്ടത്തിൽ വൃത്തിയും ശുചിത്വവുമുള്ള ടോയ്‌ലറ്റ് വിജയകരമായി നടത്തി വരുന്നുണ്ട്.

കേരളത്തിലെ ഏഴ് നഗരങ്ങളിലെ വൻകിട റസിഡൻഷ്യൽ കോംപ്ലക്‌സുകളിലെ ഖരമാലിന്യ സംസ്‌ക്കരണത്തിന് സംസ്ഥാന സർക്കാരിന്റെ ശുചിത്വ മിഷൻ പദ്ധതിക്കായുള്ള സേവനദാതാവ് കൂടിയാണ് ക്രെഡായ് ക്ലീൻ സിറ്റി മൂവ്‌മെന്റ്.