ആലുവ: കുട്ടികളുടെ മാനസിക ഉന്നമനം ലക്ഷ്യമാക്കി കുടുംബശ്രീ 'സ്നേഹിത' ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട അഞ്ച് സർക്കാർ സ്കൂളുകളിൽ നടപ്പാക്കുന്ന സ്നേഹിത @ സ്കൂൾ പദ്ധതിക്ക് കുട്ടമശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിൽ തുടക്കം. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു.
'സ്നേഹിത ബാഗ്' കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് കുട്ടികൾക്ക് കൈമാറി. പി.ടി.എ പ്രസിഡന്റ് അബ്ദുൾ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. അംബിളിദാസ് സംസാരിച്ചു. അദ്ധ്യയന വർഷത്തേക്കുള്ള ഹാപ്പി ഹെൽത്തി ലേണിങ്ങ്, ജെന്റർ നാച്വറൽ പാരന്റിങ്ങ്, സ്റ്റുഡൻസ് കമ്യൂണിറ്റി ആന്റ് മൾട്ടീമീഡിയ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കും. കുട്ടമശ്ശേരി സ്കൂളിന് പുറമെ പുത്തൻതോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചെല്ലാനം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, അശമന്നൂർ ഗവ. ഹൈസ്കൂൾ, പാലക്കുഴ ഗവ. മോഡൽ ഹൈസ്കൂൾ എന്നിവിടങ്ങളിലുമാണ് ഈ വർഷം പദ്ധതി നടപ്പാക്കിയിട്ടുള്ളത്.