കൊച്ചി : മുഖ്യമന്ത്രിയുടെ വിദേശ യാത്രകളെക്കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെടുന്ന ഹർജിക്കാരന് ഇക്കാര്യത്തിൽ വ്യക്തിപരമായോ രാഷ്ട്രീയപരമായോ താത്പര്യം ഉണ്ടോയെന്നു പരിശോധിക്കേണ്ടതുണ്ടെന്നും ഇതിനായി മൂന്നാഴ്ചയ്ക്കുള്ളിൽ 10 ചോദ്യങ്ങൾക്ക് വിശദീകരണം നൽകണമെന്നും ഹൈക്കോടതി വ്യക്തമാക്കി. വിദേശയാത്രകളുടെ രേഖകൾ പരിശോധിച്ചതിൽ പ്രഥമദൃഷ്ട്യാ സംശയിക്കത്തക്കതായി ഒന്നുമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. വിദേശയാത്രകൾ സ്വകാര്യ ആവശ്യങ്ങൾക്കെന്ന് സംശയിക്കാൻ എന്താണ് കാരണമെന്നതുൾപ്പെടെ വിശദീകരിക്കണം.
മുഖ്യമന്ത്രി പിണറായി വിജയൻ സ്വകാര്യ ആവശ്യങ്ങൾക്കായി വിദേശയാത്രകൾ നടത്തിയതിന്റെ ചെലവ് ഖജനാവിൽ നിന്ന് ചെലവഴിച്ചതിനെക്കുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കന്യാകുമാരി സ്വദേശി ഡി. ഫ്രാൻസിസ് നൽകിയ ഹർജിയി
ലാണ് സിംഗിൾബെഞ്ച് നിർദേശം. 2016 ഡിസംബറിൽ യു.എ.ഇയിലേക്കും 2017 ജൂലായിൽ അമേരിക്കയിലേക്കും നടത്തിയ യാത്രകളെയാണ് ചോദ്യം ചെയ്യുന്നത്.
സർക്കാരിന്റെ വിശദീകരണത്തിന് സ്റ്റേറ്റ് അറ്റോർണിയും സമയം തേടി. ഹർജി ജൂൺ 26 ലേക്ക് മാറ്റി. വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിക്കാരന്റെ അഭിഭാഷകനാണ് രേഖകൾ ശേഖരിച്ചതെന്ന് രേഖകളിൽ വ്യക്തമാണെന്നും ഹർജിക്കാരൻ സ്വന്തം നിലയ്ക്ക് രേഖകൾ കണ്ടെത്തിയില്ലേയെന്നും കോടതി ചോദിച്ചു. അഭിഭാഷകനും വ്യക്തി താത്പര്യമുണ്ടോയെന്നും ആരാഞ്ഞു.