ട്രോളിംഗ് നിരോധനം നാളെ അർദ്ധരാത്രി മുതൽ
തോപ്പുംപടി: 52 ദിവസത്തെ ട്രോളിംഗ് നിരോധനം നാളെ അർദ്ധരാത്രി മുതൽ നിലവിൽ വരും. കേരളക്കരയിലെ 4500 ഓളം വരുന്ന മൽസ്യബന്ധന ബോട്ടുകൾ നാളെ അർദ്ധരാത്രിയോടെ ഹാർബറുകളിൽ കയറും. 47 ദിവസമായിരുന്ന ട്രോളിംഗ് നിരോധന കാലം ഇത്തവണയാണ് 52 ആക്കിയത്.
കായലോരത്തെ ഡീസൽ പമ്പുകൾ എല്ലാം തന്നെ ഞായറാഴ്ച പൂട്ടും. തോപ്പുംപടി, മുനമ്പം ഹാർബറുകളിലെ അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് പോയി കഴിഞ്ഞു. ചുരുക്കം ചിലർ മാത്രമേ മടങ്ങാനുള്ളൂ.
ഒന്നര മാസം കഴിഞ്ഞ് കടലമ്മ തരുന്ന ചാകര കോള് പ്രതീക്ഷിച്ച് പല തൊഴിലാളികളും കുട്ടികളുടെ പഠനച്ചെലവിനുൾപ്പടെ പണം കടംവാങ്ങി തുടങ്ങി. .
ഐസ് കമ്പനികൾ, മത്സ്യസംസ്കരണഫാക്ടറികൾ,
ഹാർബറുകളെ ചുറ്റിപ്പറ്റിയുള്ള കച്ചവടക്കാർ തുടങ്ങി പതിനായിരങ്ങളാണ് രണ്ട് മാസത്തോളം ദാരിദ്ര്യത്തിലാവുക.
പരമ്പരാഗത തൊഴിലാളികൾക്ക് വള്ളത്തിൽ കടലിൽ പോകാം. സർക്കാർ നിശ്ചയിക്കുന്ന ചുറ്റളവിൽ മാത്രമേ മൽസ്യ ബന്ധനം പാടുള്ളൂവെങ്കിലും ചെറുവള്ളങ്ങൾക്കും ഇൻബോർഡ് വള്ളങ്ങൾക്കും നിയന്ത്രണമില്ല.
അതിർത്തി ലംഘനം നടത്തുന്ന ബോട്ടുകളെ പിടികൂടാൻ കടലിൽ 24 മണിക്കൂറും കോസ്റ്റൽ പൊലീസ്, നേവി എന്നിവർ സജ്ജമായി കഴിഞ്ഞു.
നിരോധനം മുൻനിർത്തി കേരളത്തിലെ മൽസ്യതൊഴിലാളികളുടെ മക്കൾക്ക് ഫിഷറീസ് വകുപ്പ് സൗജന്യ പരിശീലനം സംഘടിപ്പിച്ചിട്ടുണ്ട്. റിലയൻസ് ഫൗണ്ടേഷൻ നോളജ് ഓൺ വീൽസാണ് ഇതിന് പിന്നിൽ കുടുംബങ്ങൾക്ക് സൗജന്യ റേഷനും ലഭ്യമാക്കും.
മത്സ്യതൊഴിലാളികളുടെ മക്കൾക്ക് ബാങ്ക് പരിശീലനം, സിവിൽ സർവീസ്, പി.എസ്.സി, മെഡിക്കൽ എൻട്രൻസ് എന്നിവ സൗജന്യമായി നൽകും. മൽസ്യതൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തവരുടെ മക്കൾക്കാണ് അർഹത. കടലിൽ മത്സ്യ സമ്പത്ത് വർദ്ധിക്കാൻ ട്രോളിംഗ് നിരോധനത്തിന്റെ കാലയളവ് കൂട്ടണമെന്നാണ് സംസ്ഥാന ബോട്ടുടമ അസോസിയേഷൻ ഭാരവാഹികളുടെ ആവശ്യം.