കൊച്ചി: ട്രാൻസ്ഫോർമറുകളിലേക്ക് വൈദ്യുതി എത്തിക്കുന്നതിനായി കൃഷിയിടങ്ങളിലൂടെ കടന്നു പോകുന്ന 11 കെ.വി ലൈനുകൾ പരമാവധി റോഡുകളിലേക്ക് മാറ്റി സ്ഥാപിക്കുമെന്ന് വൈദ്യുതി ബോർഡ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.
ഭൂഗർഭ കേബിളുകൾ സ്ഥാപിച്ച് വൈദ്യുതി തടസം ഒഴിവാക്കണമെന്ന പരാതിക്കാരുടെ ആവശ്യം പ്രായോഗികമല്ലെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു. ശക്തമായ മിന്നലും മഴയുമുള്ള രാത്രികളിൽ ട്രാൻസ്ഫോർമറിന് മുകളിൽ കയറി ജോലി ചെയ്യുന്നത് അപകടത്തിന് ഇടയാക്കും. വൈദ്യുതി ലൈനുകളോട് ചേർന്ന് മരങ്ങൾ നടരുതെന്ന് ബോധവത്കരണം നടത്തുന്നുണ്ട്. പകൽ സമയത്തുള്ള വൈദ്യുത തടസങ്ങൾ അന്ന് തന്നെ പരിഹരിക്കാറുണ്ട്. രാത്രികാലങ്ങളിൽ ഉണ്ടാകുന്ന പരാതികൾ പിറ്റേന്ന് തന്നെ പരിഹരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. പെരുമ്പാവൂർ സ്വദേശി തോമസ് കെ. ജോർജ് സമർപ്പിച്ച പരാതിയിലാണ് നടപടി.