തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ നടക്കുന്നത് പരസ്പര സഹകരണ അഴിമതിഭരണമാണെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി വി. ഗോപകുമാർ പറഞ്ഞു. തൃക്കാക്കര നഗരസഭയിലെ ഭരണസമിതി പിരിച്ചുവിട്ട് വിജിലൻസ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്. വിജയൻ, വൈസ് പ്രസിഡന്റ് എം.ടി. അപ്പു എന്നിവർ നടത്തിയ ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്തുവർഷമായി യു.ഡി.എഫ് - എൽ.ഡി.എഫ് മുന്നണികൾ പരസ്പര സഹകരിച്ചുകൊണ്ടാണ് അഴിമതി നടത്തുന്നത്. എൽ.ഡി.എഫ് ഭരണസമിതിക്കെതിരെ നിരവധി അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടും യു.ഡി.എഫ് പ്രതികരിക്കാത്തത് അതിന്റെ തെളിവാണ്. അഴിമതിക്കെതിരേ ബന്ധപ്പെട്ടവർ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ നിയമപരമായും സംഘടനാപരമായും മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡന്റ് വി.ടി. ഹരിദാസ് അദ്ധ്യക്ഷനായി. ജില്ലാ ഭാരവാഹികളായ എൻ.ജി. വിജയൻ, എം.എ. വാസു, ബി. വേണുഗോപാൽ, മണ്ഡലം ജനറൽ സെക്രട്ടറി സി. സതീശൻ, മഹിളാസേന മണ്ഡലം പ്രസിഡന്റ് ധന്യാ ഷാജി, എം.കെ. ബിജു, പി.വി. സുജിത്ത്, ടി.എം. രഘുവരൻ, പമീല സത്യൻ, അനില സുരേന്ദ്രൻ, കെ. സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ ജോ. സെക്രട്ടറി ശ്രീകുമാർ തട്ടാരത്ത് നാരങ്ങാനീരു നൽകി ഉപവാസസമരം അവസാനിപ്പിച്ചു.