കൊച്ചി:കമ്മിഷണറേറ്റ് രൂപീകരിച്ചതോടെ നഗരത്തിന്റെ ഭരണം ഇനി കമ്മിഷണറുടെ കൈകളിലേക്ക്. ഐ.ജി.റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കമ്മിഷണർ. നിലവിലെ കൊച്ചി റേഞ്ച് ഐ.ജി. വിജയ് സാഖറെയാണ് പുതിയ കമ്മിഷണർ.

മജിസ്‌റ്റീരിയൽ അധികാരങ്ങൾ ലഭിക്കുന്നതോടെ കളക്‌ടറുടെ അനുമതിക്ക് കാത്തുനിൽക്കാതെ അടിയന്തതീരുമാനങ്ങളെടുക്കാൻ കഴിയും.

വർഷങ്ങൾ നീണ്ട ചർച്ചകൾക്കും കാത്തിരിപ്പുകൾക്കുമൊടുവിലാണ് തിരുവനന്തപുരം സിറ്റി, കൊച്ചി സിറ്റി എന്നിവിടങ്ങളിൽ കമ്മിഷണറേറ്റ് രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കിയത്. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ എതിർപ്പ് മറികടന്നാണ് തീരുമാനം. ജില്ലാ കളക്‌ടർക്ക് തുല്യമായ അധികാരം കമ്മിഷണർക്ക് ലഭിക്കുന്നതായിരുന്നു അവരുടെ എതിർപ്പിന് കാരണം. ലഹളകളുണ്ടായാൽ വെടിവയ്‌പ്പു പോലുള്ള തീരുമാനങ്ങൾക്ക് കളക്‌ടറുടെ ഉത്തരവിന് കാത്തുനിൽക്കണമായിരുന്നു. ഇനി ഐ.ജി റാങ്കിലുള്ള കമ്മിഷണർക്ക് സ്വന്തം നിലയിൽ കാര്യങ്ങൾ തീരുമാനിക്കും.

ഡി.ഐ.ജി. കെ.പി ഫിലിപ്പ് അഡിഷണൽ കമ്മിഷണറായി ചുമതലയേൽക്കും.

കേരളത്തിന് പുറത്തുള്ള ചില പ്രധാന നഗരങ്ങളിൽ കമ്മിഷണർമാർ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരാണ്. വർഷങ്ങൾക്ക് മുമ്പേ തിരുവനന്തപുരത്തും കൊച്ചിയിലും കമ്മിഷണറേറ്റ് രൂപീകരിക്കാൻ ശ്രമങ്ങൾ നടന്നെങ്കിലും ഐ.എ.എസ് പ്രതിരോധത്തിൽ തട്ടി തകരുകയായിരുന്നു.തിരഞ്ഞെടുപ്പിന് മുമ്പ് കമ്മിഷണറേറ്റ് രൂപീകരിക്കാൻ തീരുമാനിച്ചെങ്കിലും പ്രഖ്യാപനം മാറ്റിവച്ചു.

വിജിലൻസ് എറണാകുളം യൂണിറ്റ് എസ്.പിയായിരുന്നു കാർത്തികാണ് പുതിയ എറണാകുളം റൂറൽ പൊലീസ് മേധാവി. രാഹുൽ ആർ. നായരെ പൊലീസ് ആസ്ഥാനത്ത് എ.ഐ.ജിയായി നിയമിച്ചു. കൊച്ചി റേഞ്ച് ഐ.ജി എന്ന പദവി ഇനി ഡി.,ഐ.ജി മാത്രമാണ്. കാളിരാജ് മഹേശ് കുമാറാണ് പുതിയ കൊച്ചി ഡി.ഐ.ജി.

ക്രമസമാധാന ചുമതലയുള്ള സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണറായിരുന്ന ജെ.ഹിമേന്ദ്രനാഥിനെ എറണാകുളം യൂണിറ്റ് വിജിലൻസ് എസ്.പിയായി മാറ്റി. ജി.പൂങ്കുഴലിയാണ് പുതിയ ഡെപ്യൂട്ടി കമ്മിഷണർ.