കാലടി മലയാറ്റൂർ ഇല്ലിത്തോട് കോൽ പാറയിൽ ആനക്കൂട്ടം കൃഷിയിടത്തിലെ വാഴകൾ നശിപ്പിച്ചു.ഇത് രണ്ട് ആഴ്ചക്കുള്ളിൽ രണ്ടാം തവണയാണ് ആനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിക്കുന്നത്.700 വാഴകളിൽ പലതും അടുത്ത മാസം വിളവെടുക്കാനുള്ളതായിരുന്നു. ഒന്നര ലക്ഷത്തോളം രൂപ നഷ്ടം വന്നതായി കർഷകൻ മുണ്ടക്കൽ അനിരുദ്ധൻ പറഞ്ഞു. നാശനഷ്ടങ്ങളുടെ വിവരപ്പട്ടിക വനംവകുപ്പ് അധികൃതർക്കും, കൃഷി ഓഫിസർ ക്കും നൽകി. വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് മലയാറ്റൂർ ഫോറസ്റ്റ് റേഞ്ച് ഓഫിസർ ബി.അശോക് രാജ് പറഞ്ഞു. സ്ഥിരമായി ആനക്കുട്ടമിറങ്ങി കൃഷി നശിപ്പിക്കുന്നതിനാൽ കർഷകർ ആശങ്കയിലാണ് . രാത്രിയിൽ ആനക്കുട്ടമെത്തി വെളുപ്പിനാണ് തിരിച്ച് പോകുന്നത്. വനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ മറ്റ് വന്യമൃഗങ്ങളെയും ഭയന്നാണ് നാട്ടുകാർ കഴിയുന്നത്. വനാതിർത്തിയിൽ വനംവകുപ്പ് അധികൃതർ ഫെൻസിംഗ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.