നെടുമ്പാശേരി: മാഞ്ഞാലി തോടിന് കുറുകെ നിർമ്മിയ്ക്കുന്ന ആലുങ്ങകടവ് പറമ്പുശ്ശേരി പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണത്തിൽ തുടരുന്ന അനാസ്ഥയ്‌ക്കെതിരെ സി.പി.എം നെടുമ്പാശ്ശേരി ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ശ്രദ്ധ ക്ഷണിയ്ക്കൽ യോഗം വി. സലിം ഉദ്ഘാടനം ചെയ്തു. മേയ്ക്കാട് സൊസൈറ്റി കവലയിൽ ചേർന്ന യോഗത്തിൽ പി.സി. ശിവൻ അദ്ധ്യക്ഷത വഹിച്ചു. സണ്ണി പോൾ, തമ്പി പോൾ, പി.വി. തോമസ്, കെ.ജെ. ഐസക്ക്, ഏ.കെ. തോമസ്, പി.സി. സോമശേഖരൻ എന്നിവർ സംസാരിച്ചു.
പറമ്പുശ്ശേരി മേയ്ക്കാട് കരകളെ ബന്ധിപ്പിച്ച് പാലം നിർമ്മിച്ചിട്ട് രണ്ട് വർഷം പിന്നിട്ടെങ്കിലും, അപ്രോച്ച് റോഡ് നിർമ്മാണത്തിന് സർക്കാർ പണം അനുവദിച്ചിട്ടും, എം.എൽ.എ മുൻകൈയെടുത്ത് തടസ്സങ്ങൾ നീക്കുന്നില്ലെന്നാണ് ആക്ഷേപം. പാലം നിർമ്മാണ 8.5 കോടിയോളം രൂപ ഇതുവരെ കരാറുകാരന് നൽകുകയും ചെയ്തു. അപ്രോച്ച് റോഡിന് ഭൂമി വിട്ടു നൽകാൻ ഉടമകൾ തയ്യാറായിട്ടും തടസ്സങ്ങൾ നീക്കാൻ എം എൽ എ തയ്യാറാകാത്തത് വികസന പ്രവർത്തനത്തിൽ എം എൽ എ തുടരുന്ന രാഷ്ട്രീയ പ്രേരിത നടപടികളുടെ ഭാഗമാണെന്ന് സി.പി.എം ലോക്കൽ കമ്മിറ്റി ആരോപിച്ചു.