കൊച്ചി: ഇടപ്പള്ളി തോട് നവീകരണ പദ്ധതിയുടെ ആദ്യഘട്ടം ഇടപ്പള്ളി മുതൽ ചമ്പക്കരവരെ നടപ്പാക്കും. മുട്ടാർ മുതൽ ഇടപ്പള്ളി വരെയാണ് രണ്ടാംഘട്ടം. തോട് നവീകരണത്തിനായി തയ്യാറാക്കിയ വിശദ പഠനറിപ്പോർട്ട് അംഗീകരിച്ച് സംസ്ഥാന സർക്കാർ ധനസഹായം അനുവദിച്ചു. ഇടപ്പള്ളി മുതൽ ചമ്പക്കരവരെയുള്ള തോട് സംരക്ഷണ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാൻ കളക്ടറേറ്റിൽ ചേർന്ന ഇടപ്പള്ളി തോട് സംരക്ഷണ സമിതി യോഗത്തിൽ തീരുമാനമായി. മുട്ടാർ മുതൽ ചമ്പക്കരവരെയുള്ള തോടിന്റെ പുനരുജ്ജീവനമാണ് പദ്ധതിയുടെ ലക്ഷ്യം.
ആദ്യ ഘട്ടത്തിനായി 173 കോടിരൂപയും രണ്ടാം ഘട്ടത്തിലേക്ക് 57 കോടിരൂപയുമാണ് ചെലവ് കണക്കാക്കുന്നത്. പ്രദേശത്തെ അഞ്ച് തോടുകളുടെ സംരക്ഷണത്തിനായുള്ള വിശദ പദ്ധതിയാണ് നാറ്റ്പാക് തയ്യാറാക്കിയിരിക്കുന്നത്. ഇടപ്പള്ളി തോടിന്റെ ആദ്യഘട്ട സംരക്ഷണ പ്രവർത്തനങ്ങൾക്കായി 405 സെന്റ് ഭൂമി ഏറ്റെടുക്കണം. കനാൽ പുറമ്പോക്ക് ഒഴിപ്പിക്കുന്നതിനായി 81.5 കോടിരൂപയാണ് പ്രാഥമികമായി വകയിരുത്തിയിരിക്കുന്നത്. ഇടപ്പള്ളി തോട് സംരക്ഷണ പ്രവർത്തനങ്ങൾക്കൊപ്പം മറ്റ് ചെറുതോടുകളുടെ സംരക്ഷണത്തിനായും ജനകീയ സംരക്ഷണ സമിതികൾ രൂപീകരിക്കുമന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച പി.ടി. തോമസ് എം.എൽ.എ പറഞ്ഞു. യോഗത്തിൽ വി.കെ.ഇബ്രാഹിം കുഞ്ഞ് എം.എൽ.എ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എം.ഡി. എ.പി.എം മുഹമ്മദ് ഹനീഷ്, കളമശേരി നഗരസഭ ചെയർപേഴ്‌സൺ റുഖിയ ജമാൽ, കളമശേരി, തൃക്കാക്കര, കൊച്ചി നഗരസഭകളിലെ ജനപ്രതിനിധികൾ, നാറ്റ്പാക് പഠനസമിതി അംഗം എൻ.എം സബിത, ഇടപ്പള്ളിത്തോട് സംരക്ഷണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.