mla-file
മൂവാറ്റുപുഴയിൽ നടന്ന ജില്ലാ തല ഭവന നിർമ്മാണ വായ്പാ കുടിശിക അദാലത്ത് മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ബോർഡിന്റെ ജില്ലാതല ഭവന നിർമ്മാണ വായ്പാ കുടിശിക അദാലത്ത് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിൽ ഭവനനിർമ്മാണ ബോർഡ് ഭീമമായ കടക്കെണിയിലാണ്. വായ്പയെടുത്തവർ തിരിച്ചടക്കാത്തതാണ് കാരണം. ഈയിനത്തിൽ മാത്രം 214 കോടി രൂപയാണ് ബോർഡിന്റെ ബാദ്ധ്യത. നബാർഡിലും ഹഡ്‌കോയിൽ നിന്നും വായ്പയെടുത്താണ് ബോർഡ് ആവശ്യക്കാർക്ക് കൊടുത്തിട്ടുള്ളത്. ഭീമമായ ബാദ്ധ്യതയായതോടെ രണ്ടായിരത്തിന് ശേഷം ബോർഡ് ഭവന നിർമ്മാണ വായ്പകൾ നൽകിയിട്ടില്ല.

1971 ൽ ബോർഡ് രൂപീകരിച്ചത് മുതൽ 2000 വരെ ഏഴുലക്ഷം വീടുകളാണ് ബോർഡിന്റെ വായ്പകൊണ്ട് നിർമ്മിച്ചത്. ബാദ്ധ്യത പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് സർക്കാർ പ്രത്യേക താത്പര്യമെടുത്ത് ജില്ലകളിൽ അദാലത്ത് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എൽദോ എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹൗസിംഗ് കമ്മീഷണർ ബി. അബ്ദുൾ നാസർ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ ചെയർപേഴ്‌സൺ ഉഷാ ശശിധരൻ, വൈസ് ചെയർമാൻ പി.കെ. ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസിജോളി വട്ടക്കുഴി, കെ.പി. സുരേഷ് രാജ്, ടി.കെ. സുരേഷ്, പായിപ്ര കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

അദാലത്തിൽ നൽകിയത് 2.10 കോടിയുടെ ഇളവ്

മൂവാറ്റുപുഴ: ജില്ലാതല ഭവന നിർമ്മാണ വായ്പാ കുടിശിക അദാലത്തിൽ രണ്ടുകോടി പത്ത് ലക്ഷം രൂപയുടെ ഇളവുകൾ നൽകി. 17 കുടിശികക്കാർക്കായാണ് ഈ ഇളവുകൾ നൽകിയത്. 2 കോടി 95 ലക്ഷം രൂപ അടച്ചുതീർക്കാനുള്ളതിൽ 7512000 രൂപ അടച്ച് ഇടപാടുകൾ അവസാനിപ്പിക്കാനാണ് ധാരണയായത്. മൂന്ന് മാസത്തിനുള്ളിൽ ഇവർ തുക അടച്ചുതീർക്കണം. ജില്ലയിൽ ആകെ 36 വായ്പാ കുടിശികക്കാരാണുള്ളത്. ഇതിൽ 26 പേരാണ് അദാലത്തിനെത്തിയത്. ഇവരിൽ 9 പേർ തീരുമാനം പിന്നീട് അറിയിക്കാമെന്ന് അറിയിച്ചു. ബോർഡ് ചെയർമാൻ പി. പ്രസാദ്, സെക്രട്ടറി ബി. അബ്ദുൾ നാസർ , ചീഫ് എൻജിനീയർ പി.എൻ. റാണി എന്നിവർ നേതൃത്വം നൽകി.