നെടുമ്പാശേരി: കേന്ദ്രമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി കൊച്ചിയിലെത്തിയ വി.മുരളീധരന് ബി.ജെ.പി പ്രവർത്തകർ നെടുമ്പാശേരി വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം നൽകി.
ഇന്നലെ രാത്രി 8.30 ഓടെയാണ് തിരുവനന്തപുരത്ത് നിന്നും വി.മുരളീധരൻ നെടുമ്പാശേരിയിലെത്തിയത്. ബി.ജെ.പി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ താളമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു സ്വീകരണം. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരൻ പിള്ളയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
മദ്ധ്യമേഖല ജനറൽ സെക്രട്ടറി എൻ.പി. ശങ്കരൻകുട്ടി, ഉപാദ്ധ്യക്ഷൻ ജി. കാശിനാഥ്, ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്. ഷൈജു, സെക്രട്ടറിമാരായ എം.എൻ. ഗോപി, എം.എ. ബ്രഹ്മരാജ്, ബാബു കരിയാട്, ടി.എൻ.സതീശൻ, കെ.ജി. ഹരിദാസ്, ജോജി ജോസഫ്, രൂപേഷ് പൊയ്യാട്ട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വരവേൽപ്പ്. സ്വീകരണത്തിന് ശേഷം മന്ത്രി എറണാകുളം ഗസ്റ്റ് ഹൗസിലേക്ക് പോയി. ഇന്ന് പ്രധാനമന്ത്രിക്കൊപ്പം ഗുരുവായൂരിൽ ദർശനം നടത്തും. ഉച്ചയ്ക്ക് 12 മണിയോടെ നെടുമ്പാശേരിയിൽ പ്രധാനമന്ത്രിക്കൊപ്പം തിരികെയെത്തും.