കൊച്ചി : എൻ.എ.ഡി പരിസരത്തെ വീട് പുതുക്കിപ്പണിയാൻ അനുമതി നൽകാത്തതിനെ ചോദ്യം ചെയ്ത് കളമശേരി തൈക്കാട്ടുകര കരുണാനിവാസിൽ ബോസ്കോ ലൂയിസ് നൽകിയ ഹർജിയിൽ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. ഹർജി ജൂൺ 13 ന് വീണ്ടും പരിഗണിക്കും. നേവൽ ആർമമെന്റ് വകുപ്പിന്റെ (എൻ.എ.ഡി) ഭൂമിയോടു ചേർന്ന സ്ഥലത്താണ് ഹർജിക്കാരന്റെ വീട് സ്ഥിതി ചെയ്യുന്നത്. 1981 മുതൽ ഇൗ വീട്ടിലാണ് താമസമെന്നും തകർന്ന നിലയിലായ വീട് പുതുക്കിപ്പണിയാൻ ബിൽഡിംഗ് പെർമിറ്റിനായി 2013 ഡിസംബർ എട്ടിന് കളമശേരി നഗരസഭയിൽ അപേക്ഷ നൽകിയെന്നും ഹർജിയിൽ പറയുന്നു. സൈനിക വിഭാഗത്തിന്റെ ഭൂമിയോടുചേർന്നുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് എൻ.എ.ഡിയുടെ എൻ.ഒ.സി വേണമെന്നുണ്ട്. ഇതുവരെ എൻ.എ.ഡി അധികൃതർ എൻ.ഒ. സി നൽകിയില്ലെന്നും ഇക്കാലയളവിൽ മറ്റു പലർക്കും എൻ.ഒ.സി നൽകിയെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. തുടർന്നാണ് ഒരു അഭിഭാഷകനെ അമിക്കസ് ക്യൂറിയായി ഹൈക്കോടതി നിയോഗിച്ചത്.