കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ ഡയറക്‌ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) പിടികൂടിയ കസ്‌റ്റംസ് ഹവീൽദാർ സുനിൽ ഫ്രാൻസിസ്, യാത്രക്കാരൻ മൂവാറ്റുപുഴ സ്വദേശി അദ്നാൻ ഖാലിദ്, സ്വർണക്കടത്ത് സംഘത്തിലെ മുഖ്യ സൂത്രധാരൻ പി.എ. ഫൈസൽ എന്നിവരെ കള്ളക്കടത്ത് തടയുന്നതിനുള്ള കോഫെപോസ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി.
ഒരുവർഷം പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയേണ്ടിവരും.
കഴിഞ്ഞ മാർച്ച് ഒന്നിന് അദ്നാൻ ഖാലിദ് വിദേശത്തു നിന്നെത്തിച്ച മൂന്നുകിലോ സ്വർണം സുനിൽ ഫ്രാൻസിസിന്റെ സഹായത്തോടെ വിമാനത്താവളത്തിന് പുറത്തുകടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. സുനിൽ ഫ്രാൻസിസ് സസ്‌പെൻഷനിലാണ്. മൂവാറ്റുപുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന കള്ളക്കടത്ത് സംഘത്തിനുവേണ്ടി ദുബായിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത് അദ്നാനാണ്. ഫൈസൽ 2015 ലെ സ്വർണക്കടത്തു കേസിൽ പ്രതിയായതോടെ കോഫെ പോസ പ്രകാരം ഒരുവർഷത്തെ തടവു കഴിഞ്ഞ് 2018 ജൂലായിലാണ് പുറത്തിറങ്ങിയത്. തുടർന്ന് വീണ്ടും കള്ളക്കടത്തിന് ഇറങ്ങുകയായിരുന്നു. സ്വർണക്കടത്ത് വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഡി.ആർ.ഐ കോഫെ പോസ നടപടികൾ വേഗത്തിലാക്കിയത്. എറണാകുളം മജിസ്ട്രേട്ട് കോടതിയുടെ പരിഗണനയിലുള്ള ഈ കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് സംശയിക്കുന്നതായി ഡി.ആർ.ഐ അറിയിച്ചു.