1
പാലാരിവട്ടം മേൽപ്പാലം

കൊച്ചി :പാലാരിവട്ടംമേല്പാലം തുറന്നുകൊടുക്കാൻ തിടുക്കം കാട്ടേണ്ടെന്ന് വിദഗ്ദ്ധ സമിതി അറ്റകുറ്റപ്പണികൾക്ക് നേതൃത്വം നൽകുന്ന റോഡ്സ് ആൻഡ് ബ്രിഡ്ജ്സ് ഡവലപ്മെന്റ് കോർപ്പറേഷൻ ജനറൽ മാനേജർ അലക്സ് ജോസഫിന് നിർദ്ദേശം നൽകി.

ഇളക്കം തട്ടിയ ഗർഡറുകൾ വീണ്ടും യോജിപ്പിക്കുന്നത് വിദഗ്ദ്ധരുടെ നിർദ്ദേശങ്ങൾ കണക്കിലെടുത്തു വേണം. ഇക്കാര്യത്തിൽ മദ്രാസ് എെ.എെ.ടിയിലെ വിദഗ്ദ്ധരുടെയും ദേശീയപാത അതോറിറ്റിയുടേയും ഉപദേശങ്ങൾ തേടണം.

ഇപ്പോഴത്തെ നിലയിൽ തുറന്നുകൊടുത്താലും വാഹനങ്ങൾ കയറുമ്പോൾ പാലത്തിനുണ്ടാകുന്ന കുലുക്കം ഒഴിവാക്കാനാവില്ല. പാലത്തിന്റെ മദ്ധ്യഭാഗത്തെ ഡയഫ്രങ്ങൾ സംബന്ധിച്ച് കൂടുതൽ പഠനം ആവശ്യമാണെന്നും സമിതി നിർദ്ദേശിച്ചു. സമിതി തിങ്കളാഴ്ച പാലം സന്ദർശിച്ച് സർക്കാരിന് നിർദ്ദേശം സമർപ്പിക്കും.

പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം ചീഫ് എൻജിനീയർ അശോക്‌കുമാർ, ബ്രിഡ്‌ജസ് വിഭാഗംചീഫ് എൻജിനീയർ മനോമോഹൻ, ദേശീയപാത വിഭാഗം മുൻ ചീഫ് എൻജിനീയർ ജീവൻരാജ് എന്നിവരടങ്ങുന്ന സമിതി അറ്റകുറ്റപ്പണികൾ വിലയിരുത്തും.

ജൂൺ 15 ന് മുമ്പ് പാലം താൽക്കാലികമായി തുറന്നുകൊടുക്കാൻ ആർ.ബി.ഡി.സി.കെ അധികൃതർ ശ്രമിക്കുന്നതിനിടയിലാണ് വിദഗ്ദ സമിതി നിർദ്ദേശം. പാലം തുറന്നു കൊടുക്കുന്നതിനോട് മദ്രാസ് എെ.എെ.ടി യിലെ പ്രൊഫ. പി. അളകസുന്ദരമൂർത്തിയും വിയോജിച്ചു. നേരത്തെ കണ്ടെത്തിയിരുന്ന സ്പാനിലെ ബെയറിംഗിന് പുറമെ മറ്റ് ബെയറിംഗുകൾക്കും കേടുപാടുകൾ കണ്ടെത്തിയിട്ടുണ്ട്.

ചെന്നൈ എെ.എെ.ടിയിലെ സ്ട്രക്ചറൽ എൻജിനീയർമാരായ ജീവ, പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നത്.

മേല്പാലത്തിലെ ഡെക്ക് സ്ളാബുകൾക്കിടയിലെ എക്സ്പാൻഷൻ ജോയിന്റുകൾ മാറ്റിസ്ഥാപിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് തുടരുന്നത്. ഇവ പരമ്പരാഗത രീതിയിലുള്ള സ്ട്രിപ്പ് സ്റ്റീൽ സംവിധാനത്തിലേക്കാണ് മാറ്റുന്നത്.

കാർബൺ ഫെെബർ റീ ഇൻഫോഴ്സ്ഡ് പോളിമർ ഉപയോഗിച്ച് ഗർഡറുകൾ ബലപ്പെടുത്താനുള്ള ചെന്നൈ എെ.എെ.ടി വിദഗ്ദ്ധരുടെ ശുപാർശ പാലം തുറന്നു കൊടുത്താലും നടപ്പാക്കുന്നതിന് തടസമില്ല . കാർബൺ ഫെെബറുകൾ വിദേശത്തുനിന്ന് എത്തിക്കാനും ഇതുവരെ കഴിഞ്ഞിട്ടില്ല.

തുറക്കൽ സർക്കാർ നിർദ്ദേശപ്രകാരം

പാലം ജൂൺ പതിനഞ്ചോടെ തുറന്നുകൊടുക്കുവാനാണ് ഉദ്ദേശിച്ചിരുന്നത്. വിദഗ്ദ്ധസമിതി നിർദ്ദേശങ്ങളുടെയും വിജിലൻസ് റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ചേ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുവാൻ കഴിയൂ.

അലക്സ് ജോസഫ്

ജനറൽ മാനേജർ

ആർ|.ബി.ഡി.സി.കെ