കൊച്ചി : ഒാരോ യാത്രകളും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്നവയാണ്. എന്നാൽ ഇൗ മനോഹര കാഴ്ചകൾക്കപ്പുറം യാഥാർത്ഥ്യങ്ങളുടെ ചൂടേറ്റു വാടിയ ഒരുപിടി മുഖങ്ങളെയും നമുക്ക് യാത്രകളിൽ കണ്ടെത്താനാവും. കെ.എസ്. ദിലീപ് കുമാർ എന്ന മുൻ പത്രപ്രവർത്തകൻ പേപ്പർ പാഡുകളിൽ വരച്ച ഇത്തരം പെൻസിൽ സ്കെച്ചുകളുടെ പ്രദർശനമാണ് ഡർബാർ ഹാൾ ആർട്ട് സെന്ററിൽ തുടങ്ങിയത്. പെൻസിലും പേനയും ക്രയോണുകളും ഉപയോഗിച്ചു വരച്ച ബോർഡർ എന്നു പേരിട്ട 70 ചിത്രങ്ങളുടെ പ്രദർശനം ജൂൺ 13 ന് സമാപിക്കും. ചിത്രങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചു ദിലീപ് സംസാരിക്കുന്നു :

 ചിത്രങ്ങളെക്കുറിച്ച് ?

മോഡലുകളെ വിളിച്ചിരുത്തി വരച്ച ചിത്രങ്ങളല്ല ഇത്. യാത്രകളിൽ ഒപ്പമുള്ളവരെയും കണ്ടു മുട്ടുന്ന തീരെ പരിചയമില്ലാത്തവരെയും അവർ അറിയാതെപകർത്തി​യചിത്രങ്ങളാണിവ. 1991 മുതൽ 2010 വരെയുള്ള കാലഘട്ടത്തിൽ വരച്ച ചിത്രങ്ങൾ. ഒാരോ ചിത്രങ്ങളിലും അവരെ വേട്ടയാടുന്ന ആധിയും ദൈന്യതയും തിരിച്ചറിയാൻ കഴിയും. ഒരു മോഡലിനെ വച്ച് വരച്ച ചിത്രങ്ങൾക്ക് ഇൗ ഫീൽ ലഭിക്കില്ല.

 ചിത്രങ്ങളിലേറെയും ഉറക്കമാണല്ലോ വിഷയം ?

ശരിയാണ്. രാത്രിയാത്രകളിൽ വരച്ചവയാണ് ഏറെയും. ദീർഘദൂരയാത്രകളിൽ കാഴ്ചകൾ മടുത്തു തുടങ്ങുന്നതോടെ ഉറക്കത്തെ കൂട്ടുപിടിക്കുന്നവരല്ലേ നാമെല്ലാം. പലതും ട്രെയിൻ യാത്രകളിൽ നിന്നാണ്.

 ചിത്രപ്രദർശനങ്ങൾ ?

എറണാകുളത്ത് ഇതു മൂന്നാമത്തെ ചിത്രപ്രദർശനമാണ്. പെൻസിൽ സ്കെച്ചുകളുടെ പ്രദർശനം ഇതാദ്യം. ഇതിനു മുമ്പ് ഗോവയടക്കമുള്ള മറ്റു സ്ഥലങ്ങളിൽ പ്രദർശനം നടത്തി.

 ജീവിതം ?

ബി.എ. ഇംഗ്ളീഷ് സാഹിത്യത്തിനും ജേണലിസത്തിനും പുറമേ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ നിന്ന് ബി.എഫ്.എയെടുത്തശേഷമാണ് പത്രപ്രവർത്തകനായത്. പിന്നീട് ഇതുപേക്ഷിച്ച് ഫൈൻ ആർട്സ് കോളേജിൽ നിന്ന് എം.എഫ്.എ പാസായി. ഭാര്യ എം.എം. ലീല പാലക്കാട് പി.എം.ജി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലാണ്. മകൾ അനാഹത കല്യാണി വിദ്യാർത്ഥിനിയാണ്.