കൊച്ചി: കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടെ മിൽമ എറണാകുളം യൂണിയൻ നടപ്പാക്കുന്ന 14,24 കോടിയുടെ പ്രളയ ദുരിതാശ്വാസ പദ്ധതികൾ മന്ത്രി കെ.രാജു ഉദ്‌ഘാടനം ചെയ്‌തു. പശുക്കളെ വാങ്ങുന്നതിന് 30,000 രൂപയും കിടാരികളെ വാങ്ങുന്നതിന് 15,000 രൂപയും തൊഴുത്തുകൾ പുതുക്കി പണിയുന്നതിന് 25,000 രൂപയും ലഭിക്കും. പ്രളയത്തിൽ നഷ്‌ടപ്പെട്ട കമ്പ്യൂട്ടറുകൾ, പാൽ പരിശോധന ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിനും കെട്ടിടങ്ങളുടെ പുനരുദ്ധാരണത്തിനും പണം ലഭിക്കും.
എറണാകുളം ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ മിൽമ ചെയർമാൻ പി.എ.ബാലൻ മാസ്‌റ്റർ അദ്ധ്യക്ഷത വഹിച്ചു. എറണാകുളം മേഖല യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത് , മാനേജിംഗ് ഡയറക്‌ടർ ഡോ.എം. മുരളീദാസ് എന്നിവർ പ്രസംഗിച്ചു.പശു, കിടാരി എന്നിവരെ നഷ്‌ടപ്പെട്ടവർക്ക് മന്ത്രി കെ.രാജു ധനസഹായം വിതരണം ചെയ്‌തു.കാലിത്തൊഴുത്ത് നിർമ്മാണത്തിനുള്ള ധനസഹായം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, കെട്ടിട നിർമ്മാണത്തിനുള്ള ധനസഹായം മിൽമ തിരുവനന്തപുരം യൂണിയൻ ചെയർമാൻ കല്ലട രമേശും വിതരണം ചെയ്‌തു.
2019 ഏപ്രിൽ മാസത്തിൽ ക്ഷീരസംഘങ്ങൾ മേഖല യൂണിയന് നൽകിയ ഓരോ ലിറ്റർ പാലിനും ഒരു രൂപ നിരക്കിൽ പ്രത്യേക ഇൻസെന്റീവ് നൽകുമെന്ന് ചെയർമാൻ ജോൺ തെരുവത്ത് അറിയിച്ചു.