ആലുവ: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പുതിയ വ്യാപാര സമുച്ചയം നിർമ്മിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ബസുകൾക്ക് ഇന്നലെ മുതൽ ഏർപ്പെടുത്തിയ ക്രമീകരണം യാത്രക്കാരെ ദുരിതത്തിലാക്കി. താരതമ്യേന തിരക്കുണ്ടാവാറില്ലാത്ത രണ്ടാം ശനിയാഴ്ച്ചയായിരുന്നിട്ടും ടൗൺഹാൾ കവല മുതൽ ഗവ. ആശുപത്രി കവല വരെ കടുത്ത ഗതാഗതകുരുക്കിലായി.
കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് വരുന്ന ബസുകൾ സ്റ്റാൻഡിന് പുറത്ത് യാത്രക്കാരെ ഇറക്കി ബോർഡ് മാറ്റി സ്വകാര്യ സ്റ്റാൻഡിന് മുമ്പിലൂടെ മടങ്ങി പോകുന്ന വിധത്തിലുള്ള ക്രമീകരണമാണ് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുമ്പിൽ നഗരത്തിലേക്ക് വരുന്നതും പോകുന്നതുമായ സ്വകാര്യ ബസുകളും ഇവിടെ നിർത്തുന്നതിനാൽ യാത്രക്കാർക്ക് നിന്നുതിരിയാൻ പോലും സ്ഥലമില്ലായിരുന്നു. ബസുകൾ ടൂറിസ്റ്റ് ടാക്സി സ്റ്റാൻഡ് മുതൽ റെയിൽവേ സ്റ്റേഷൻ ഭാഗം വരെ നിരയായി നിർത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യേണ്ടി വന്നു. നിരവധി പേർ സ്ളാബുകളിലും മറ്റും തട്ടി വീണു. വാഹനങ്ങൾ തമ്മിൽ ഉരസിയും തർക്കങ്ങളുണ്ടായി. രാവിലെയും വൈകിട്ടും ട്രാഫിക്ക് പൊലീസിനെ നിയോഗിച്ചിരുന്നെങ്കിലും ഉച്ചയ്ക്ക് കെ.എസ്.ആർ.ടി.സിയിലെ സെക്യൂരിറ്റി മാത്രമാണ് ഗതാഗതം നിയന്ത്രിക്കാൻ ഉണ്ടായത്.
ഈ നിലയിലാണ് ഗതാഗതസംവിധാനം തുടരുന്നതെങ്കിൽ തിങ്കളാഴ്ച്ച മുതൽ യാത്രക്കാർ കൂടുതൽ ദുരിതത്തിലാകാനാണ് സാധ്യത. സ്വകാര്യ ബസ് സ്റ്റാൻഡിലാണെങ്കിൽ കടുത്ത പൊടി ശല്യമാണ്. സ്റ്റാൻഡിൽ ടൈൽ വിരിക്കാത്ത ഭാഗങ്ങളിലെല്ലാം ടാറിംഗ് പൊട്ടിപൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുകയാണ്. അറ്റകുറ്റപ്പണി പോലും നടത്താതെയാണ് സ്വകാര്യ സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സിക്കും സൗകര്യമൊരുക്കിയിട്ടുള്ളത്. അമ്പത് വർഷത്തോളം പഴക്കമുള്ള പഴയ കെട്ടിടമാണ് പൊളിക്കുന്നത്. 5.9 കോടി രൂപ മുടക്കിയാണ് പുതിയ വ്യാപാര സമുച്ചയവും ബസ് ടെർമിനലും നിർമിക്കുന്നത്.
കെ.എസ്.ആർ.ടി.സി നഗരം ചുറ്റരുത്
കെ.എസ്.ആർ.സി ഡിപ്പോ പൂട്ടിയതോടെ നഗരത്തിൽ അനുഭവപ്പെടുന്ന ഗതാഗത കുരുക്ക് ഇല്ലാതാക്കുന്നതിന് ബസുകൾ നഗരം ചുറ്റുന്നത് അവസാനിപ്പിക്കുകയാണ് വേണ്ടതെന്ന് ആവശ്യം. ഡിപ്പോ പുനരാരംഭിക്കുന്നത് വരെ യാത്രക്കാർ കുറച്ച് ബുദ്ധിമുട്ട് സഹിച്ചാൽ നഗരത്തെ ഗതാഗതകുരുക്കിൽ നിന്നും മോചിപ്പിക്കാനാകുമെന്ന് യാത്രക്കാർ തന്നെ പറയുന്നു.
പെരുമ്പാവൂർ, കോതമംഗലം, കീഴ്മാട് ഭാഗത്ത് നിന്നും വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ആലുവ ടൗൺ ഹാളിന് മുമ്പിലും പറവൂർ, അങ്കമാലി ഭാഗത്ത് നിന്നും വരുന്ന ബസുകൾ സ്വകാര്യ സ്റ്റാൻഡിലും യാത്ര അവസാനിക്കണമെന്നാണ് ആവശ്യം. ഈ നിലയിൽ പുനക്രമീകരിച്ചാൽ വാഹന ഗതാഗതം സുഗമമാകുമെന്നും ബസ് ജീവനക്കാരും ഒരു വിഭാഗം യാത്രക്കാരും പറയുന്നു.
നിലവിലുള്ള ക്രമീകരണം ഇങ്ങനെ
പെരുമ്പാവൂർ, പറവൂർ, അങ്കമാലി ഭാഗത്തേക്കുള്ള ബസുകളെല്ലാം കെ.എസ്. ആർ.ടി.സി സ്റ്റാൻഡിന് മുൻപിൽ യാത്രക്കാരെ കയറ്റിയിറക്കി ബോർഡ് മാറ്റി യാത്ര തുടരും. പെരുമ്പാവൂർ ഭാഗത്ത് നിന്ന് ആലുവയിൽ യാത്ര അവസാനിപ്പിക്കുന്ന ബസുകൾ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ ആളെ ഇറക്കി ബോർഡ് മാറ്റി സ്വകാര്യ സ്റ്റാൻഡിലെത്തി ബാങ്ക് കവല വഴി പെരുമ്പാവൂർക്ക് പോകണം. തൃപ്പൂണിത്തുറയിൽ നിന്ന് വന്ന ബസുകൾ മുനിസിപ്പൽ സ്റ്റാൻഡിൽ നിന്ന് തുടങ്ങി ബാങ്ക് കവല കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുൻവശത്ത് കൂടിയാണ് യാത്ര തുടരുന്നത്. പറവൂർ ഭാഗത്ത് നിന്നുള്ള ബസുകൾ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുൻവശത്ത് നിന്ന് യാത്രക്കാരെ കയറ്റിയിറക്കി ബോർഡ് മാറ്റി സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് പോകുകയും അവിടെ നിന്ന് നിലവിലുള്ളത് പോലെ യാത്ര തുടരുകയുമാണ്. കീഴ്മാട്, തണ്ടിരിക്കൽ, വെളിയത്തുനാട് ബസുകൾ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് തുടങ്ങുന്ന ട്രിപ്പിൻറെ ബോർഡ് വെച്ച് സ്വകാര്യ ബസ് സ്റ്റാൻഡിലെത്തുകയും അവിടെ നിന്ന് സർവ്വീസ് ആരംഭിക്കുകയും ചെയ്യുകയുമാണ് ചെയ്യുന്നത്.