മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരപരിധിയിൽ മോഷണത്തിനും മാലിന്യംതള്ളുന്നതിനും ശ്രമിക്കുന്നവർ ഇനി കുടുങ്ങും. നഗരം നിരീക്ഷണ കാമറയുടെ വലയത്തിലായി. മാലിന്യനിക്ഷേപം തടയുന്നതിനും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുമാണ് നഗരസഭയുടെ നേതൃത്വത്തിൽ പത്തുലക്ഷം രൂപ ചെലവിൽ പ്രധാന ജംഗ്ഷനുകളിൽ അടക്കം 15 കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. വാഴപ്പിള്ളി, വെള്ളൂർക്കുന്നം, ഇ.ഇ.സി റോഡ്, പി.ഒ ജംഗ്ഷൻ, കച്ചേരിത്താഴം എന്നിവിടങ്ങളിലാണ് കാമറകൾ സ്ഥാപിച്ചത്.
നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ സമീപ പഞ്ചായത്തുകളിൽ നിന്ന് അടക്കം മാലിന്യം കൊണ്ടുവന്ന് തള്ളുന്നത് പതിവായിരിക്കുകയാണ്. നഗരസഭ താക്കീത് ചെയ്തെങ്കിലും മാലിന്യംതള്ളൽ നിർബാധം തുടരുന്ന സാഹചര്യത്തിലാണ് നടപടി.
ഇനിയും റോഡിൽ മാലിന്യം തള്ളുന്നവരിൽ നിന്ന് വൻ തുക പിഴ ഈടാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടന്ന് ചെയർപേഴ്സൺ ഉഷാ ശശിധരൻ പറഞ്ഞു. കാമറ ദൃശ്യങ്ങൾ പൊലീസ് സ്‌റ്റേഷനിലും നഗരസഭ ഹെൽത്ത് വിഭാഗത്തിലും
സ്ഥാപിച്ചിരിക്കുന്ന മോണിറ്ററിൽ കാണാനാകും. ചെയർപേഴ്സൺ, കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർക്കും ദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനം നാളെ (തിങ്കൾ) രാവിലെ 11ന് നടക്കും. വൈസ് ചെയർമാൻ പി.കെ. ബാബുരാജ് ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.എ. സഹീർ, സി.എം. സീതി എന്നിവർ സംസാരിക്കും.
35 കാമറകൾ കൂടി
രണ്ടാം ഘട്ടത്തിൽ 35 കാമറകൾ കൂടി സ്ഥാപിക്കും. ഇതോടെ നിരീക്ഷണം കൂടുതൽ ശക്തമാകുമെന്ന് നഗരസഭ ചെയർപേഴ്സൻ പറഞ്ഞു.