കൊച്ചി : ജപ്പാനിലും ദക്ഷിണ കൊറിയയിലും അമേരിക്കയിലും പ്രചാരത്തിലായ കാനനസ്‌നാനം (ഫോറസ്റ്റ് ബാത്തിംഗ്) കേരളത്തിലും നടപ്പാക്കണമെന്ന് മുൻ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ്‌സ് ഡോ. കെ.പി. ഔസേപ്പ് പറഞ്ഞു. ഇതുവഴി ആളുകൾക്ക് ആരോഗ്യവും സന്തോഷവും നേടാം..അസറ്റ് ഹോംസ് സംഘടിപ്പിച്ച ബിയോൻഡ് സ്‌ക്വയർ ഫീറ്റ് പ്രഭാഷണപരമ്പരയിൽ കാടുകളുടെ രഹസ്യങ്ങൾ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാനനസ്‌നാനം കാട്ടിലെ പുഴയിലോ തടാകത്തിലോ മുങ്ങിക്കുളിയല്ല. കാട്ടിലായിരിക്കുക എന്നതു മാത്രമാണ്. കാട്ടിലെ കാഴ്ചകളിലും ഗന്ധങ്ങളിലും ശബ്ദങ്ങളിലും മുങ്ങുക. കീടങ്ങളിൽ നിന്നും രോഗാണുക്കളിൽ നിന്നും സ്വയം രക്ഷിക്കുന്നതിന് മരങ്ങൾ സ്വയം പുറപ്പെടുവിക്കുന്ന ഫൈറ്റോൺസൈഡുകളാൽ സമ്പന്നമാണ് കാടുകൾ. ഫംഗസുകൾ, വൈറസുകൾ എന്നിവയെ ചെറുക്കുന്ന സംയുക്തങ്ങളാണിവ. മരങ്ങൾക്കും മനുഷ്യർക്കും ജന്തുക്കൾക്കും ഫൈറ്റോൺസൈഡുകൾ ഉപകാരപ്പെടും.
മാനസിക പിരിമുറുക്കം, തലച്ചോറിന്റെ ക്ഷീണം, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാൻ കാനനസ്‌നാനത്തിനു കഴിയുമെന്ന് ഗവേഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ഓർമ്മശക്തി, രോഗപ്രതിരോധശക്തി എന്നിവ വർദ്ധിപ്പിക്കാനും കാനനസ്‌നാനം ഉപകാരപ്പെടും. പൗരാണിക ഭാരതത്തിൽ ഋഷിവര്യന്മാരും രാജാക്കാന്മാരും കാനനസ്‌നാനത്തിലേർപ്പെട്ടിരുന്നു
അസറ്റ് ഹോംസ് ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സേവ്യർ പി.പി പ്രസംഗിച്ചു..