മൂവാറ്റുപുഴ: മലങ്കര സുറിയാനി കത്തോലിക്ക സഭ മൂവാറ്റുപുഴ രൂപതയുടെ ത്രിദ്വീയാദ്ധ്യക്ഷനായി ബിഷപ്പ് ഡോ. യൂഹാന്നോൻ മാർ തെയഡോഷ്യസ് 12 ന് സ്ഥാനമേൽക്കും. മൂവാറ്റുപുഴ വാഴപ്പിള്ളി സെന്റ് ജോസഫ്‌സ് കത്തീഡ്രലിൽ രാവിലെ 9. മണിക്ക് ബിഷപ്പ് ഡോ. എബ്രാഹാം മാർ യൂലിയോസ് മെത്രാപ്പോലീത്ത വി. കുർബ്ബാന അർപ്പിക്കും. സ്ഥാനാരോഹണ ശുശ്രൂഷകൾക്ക് മലങ്കര കത്തോലിക്ക സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമീസ് കാതോലിക്ക ബാവ മുഖ്യകാർമ്മികത്വം വഹിക്കും. തിരുവല്ല അതിരൂപതാദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ ഡോ. ജോഷ്വാ മാർ ഇഗ്‌നാത്തിയോസ്, ഡോ. യൂഹാന്നോൻ മാർ ക്രിസോസ്റ്റം , ഡോ. ജോസഫ് മാർ തോമസ്, ഡോ. ജേക്കബ് മാർ ബർണബാസ്, ഡോ. വിൻസെന്റ് മാർ പൗലോസ്, ഡോ. ഫിലിപ്പോസ് മാർ സ്‌തേഫാനോസ്, ഡോ. സാമുവേൽ മാർ ഐറേനിയോസ്, ഡോ. തോമസ് മാർ യൗസേബിയോസ്, ഡോ. ഗീവറുഗീസ് മാർ മക്കാറിയോസ്, ഡോ. തോമസ് മാർ അന്തോണിയോസ് എന്നിവർ സഹകാർമ്മികരാകും. വിവിധ സഭകളിൽ നിന്നുള്ള മെത്രാപ്പോലീത്തമാരും പങ്കെടുക്കും.കേരളത്തിൽ എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും തമിഴ്‌നാട്ടിൽനാല് ജില്ലകളും ഉൾപ്പെടെ വിസ്തൃതമായ ഭൂപ്രദേശമാണ് മൂവാറ്റുപുഴ രൂപത.ക്രിസ്തീയ ഗാനശ്രേണിയിൽപ്പെട്ട യേശുദാസ് പാടിയ ഗാനങ്ങളായ സ്‌നേഹസ്വരൂപാ..., നായകാ ജീവദായകാ.., രക്ഷകാ ഗായകാ..., ആത്മസ്വരൂപ... എന്നീ ഗാനങ്ങൾ രചിച്ചത് ഫാ. ജോൺ കൊച്ചുതുണ്ടിയിൽ എന്ന ബിഷപ്പ് യൂഹാന്നോൻ മാർ തെയഡോഷ്യസ് മെത്രാപ്പോലീത്തയാണ് .പത്രസമ്മേളനത്തിൽ വികാരി ജനറാൾ മോൺ. വറുഗീസ് കുന്നുംപുറം, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഫാ. ജിനോ ആറ്റുമാലിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി വി.സി. ജോർജ്ജുകുട്ടി, കൺവീനർ ഷിബു പനച്ചിക്കൻ എന്നിവർ പങ്കെടുത്തു