മൂവാറ്റുപുഴ: മുനിസിപ്പൽ തല സ്കൂൾ പ്രവേശനോത്സവം ഗവ. ഈസ്റ്റ് ഹൈസ്‌കൂളിൽ വർണാഭമായ പരിപാടികളോടെ നടന്നു. ഈ വർഷം നൂറോളം കുട്ടികളാണ് പ്രവേശനം നേടിയത്. നവാഗതരെ ജനപ്രതിനിധികൾ പി.ടി.എ.അംഗങ്ങൾ, സ്‌കൂൾ സംരക്ഷണ സമിതി ഭാരവാഹികൾ, അദ്ധ്യാപകർ, കുട്ടികൾ എന്നിവരുടെ നേതൃത്വത്തിൽ കിരീടവും അക്ഷരമാലയും അണിയിച്ച് സ്വീകരിച്ചു . തുടർന്ന് റാലിയും നടന്നു. ജൈവ വൈവിദ്ധ്യോദ്യാനം, ശലഭോദ്യാനം എന്നിവ കണ്ട് കുട്ടികൾ ഹാളിൽ പ്രവേശിച്ചപ്പോൾ പ്രവേശന ഗാനത്തോടെ സമ്മേളനം ആരംഭിച്ചു. ഹെഡ്മാസ്റ്റർ പ്രദീപ്കുമാർ സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ കെ.എ .അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയർപേഴ്‌സൺ ഉഷ ശശിധരൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.കെ. ബാബുരാജ് പഠനോപകരണ വിതരണം നടത്തി. ഒന്നാം ക്ലാസിലെ കുട്ടികൾക്ക് സ്കൂൾബാഗ് നൽകി പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി.എം. സീതി സ്വീകരിച്ചു. ആവോലി പഞ്ചായത്ത് അംഗം അയൂബ് പള്ളിക്കൂടം തുണി ബാഗ് വിതരണം ചെയ്തു. പ്ലാസ്റ്റിക് ബാഗുകൾക്കെതിരെ പൊരുതുവാനും പ്രകൃതിയെ ഉണർത്തുവാനും എല്ലാ കുട്ടികൾക്കും നിത്യോപയോഗത്തിനുതകുന്ന തുണിസഞ്ചിക്കൂട്ടം കൂടി നൽകി ഗൂൺച് എന്ന സന്നദ്ധ സംഘടനയാണ് ഇതിന് പിന്തുണ നൽകിയത്. കൗൺസിലർ സി.എം ഷുക്കൂർ വൃക്ഷത്തൈ വിതരണം ചെയ്തു. അക്കാഡമിക് കലണ്ടർ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രമീള ഗിരീഷ്‌കുമാർ പ്രകാശിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് ബിനുമോൻ മണിയംകുളം, സ്‌കൂൾ സംരക്ഷണ സമിതി കൺവീനർ രാജൻ എൻ.കെ, എ.കെ. അയൂബ് , കരുണ ചാരിറ്റബിൾ ട്രസ്റ്റ് അംഗം ഷിഹാബ്, കെ.പി. അനസ്, കെ.കെ. മനോജ് എന്നിവർ സംസാരിച്ചു. സ്‌കൂളിലെ മുൻ അദ്ധ്യാപകനായിരുന്ന നാരായണൻ നായരുടെ സ്മരണാർത്ഥം മക്കൾ വിഭവ സമൃദ്ധമായ സദ്യയും നൽകി.