നെടുമ്പാശേരി: സ്വന്തമായി ഭൂമിയുണ്ടായിട്ടും അടച്ചുറപ്പില്ലാത്ത കൂരകളിലും വാടകവീടുകളിലും കഴിയേണ്ടിവരുന്ന വിധവകളായ അമ്മമാർക്കും അവരുടെ മക്കൾക്കുമായി അൻവർ സാദത്ത് എം.എൽ.എ നടപ്പിലാക്കിയ 'അമ്മക്കിളിക്കൂട്' പദ്ധതിയിലെ 25-മത്തെ ഭവനത്തിന്റെ താക്കോൽ ദാനം ബെന്നി ബെഹനാൻ എം.പി നിർവഹിച്ചു.
കാഞ്ഞൂർ പഞ്ചായത്ത് 7-ാം വാർഡിൽ രണ്ടുപെൺകുട്ടികളുടെ മാതാവായ ജിഷ ഓമനക്കുട്ടന് വേണ്ടി രവി തോമസാണ് വീട് നിർമ്മിച്ചത്. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.പി ലോനപ്പൻ, ജില്ലാപഞ്ചായത്തംഗം ശാരദാ മോഹൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സാ സേവ്യർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹണി ഡേവിസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പെഴ്‌സൺ ഗ്രേസി ദയാനന്ദൻ, പഞ്ചായത്ത് മെമ്പർമാരായ എം.എൽ. ജോസ്, വിജി ബിജൂ, അമ്പിളി ശ്രീകൂമാർ, കെ.ഒ ലോറൻസ്, വിക്രമൻ, സെബാസ്റ്റ്യൻ പോൾ എന്നിവർ സംസാരിച്ചു.
ഈ പദ്ധതിയിൽ പൂർത്തിയായ 24 ഭവനങ്ങൾ കൈമാറുകയും മറ്റു 9 ഭവനങ്ങളുടെ നിർമ്മാണം ശ്രീമൂലനഗരം, നെടുമ്പാശ്ശേരി, ചെങ്ങമനാട്, ചൂർണ്ണിക്കര, കീഴ്മാട്, എടത്തല, കാഞ്ഞൂർ എന്നീ പഞ്ചായത്തുകളിൽ പുരോഗമിക്കുകയുമാണ്. 510 ചതുരശ്ര അടിയിലാണ് ഭവനങ്ങൾ നിർമ്മിക്കുന്നത്.