നെടുമ്പാശ്ശേരി: ദേശീയപാതയിൽ നെടുമ്പാശേരി കരിയാട് വളവിൽ വീണ്ടും വാഹനാപകടം.യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
വെള്ളിയാഴ്ച്ച രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. ട്രിച്ചിയിൽ നിന്നും പത്തനംത്തിട്ടയിലേക്ക് സിമന്റ് കയറ്റിവന്ന ട്രക്കും കൊടെെക്കനാലിൽ നിന്ന് വിനോദയാത്ര കഴിഞ്ഞ് കരുനാഗപ്പിള്ളിയിലെ വീട്ടിലേക്ക് മടങ്ങിയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് കാർ പൂർണമായി തകർന്നെങ്കിലും യാത്രികരായ അഞ്ച് യുവാക്കളും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. അപകടത്തെ തുടർന്ന് കാർമീഡിയനിൽ ഇടിച്ച് കയറിയാണ് നിന്നത്. അപകടത്തെ തുടർന്ന് ദേശീയ പാത അങ്കമാലി, ആലുവ റോഡിൽ കുറച്ച് സമയം വാഹന ഗതാഗതം തടസപ്പെട്ടു.
അപകടം അറിഞ്ഞ് അങ്കമാലിയിൽ നിന്നും എത്തിയ അഗ്നി രക്ഷാ സേനയും ഹൈവേ പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയ ശേഷം വാഹനങ്ങൾ നീക്കം ചെയ്താണ് ഗതാഗതം സുഗമമാക്കി. തിരക്കേറിയ ദേശീയപാത അങ്കമാലി ആലുവ റോഡിന്റെ നിർമ്മാണ വേളയിൽ കരിയാട് വളവ് നിവർത്താതെ അശാസ്ത്രിയമായി നിർമ്മിച്ചതാണ് ഈ ഭാഗത്ത് അപകടങ്ങൾ ഉണ്ടാകുന്നതിന് കാരണമായത്.