കൊച്ചി : നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ നില കൂടുതൽ മെച്ചപ്പെട്ടു. ഇടയ്ക്കിടെ പനിക്കുന്നുണ്ട്. സാധാരണനിലയിൽ ഭക്ഷണം കഴിക്കാൻ യുവാവിന് കഴിയുന്നുണ്ട്. അമ്മയുമായി സംസാരിക്കുന്നുണ്ട്. വിദഗ്ദ്ധ ചികിത്സ ആരംഭിച്ചശേഷം സംഭവിച്ച മാറ്റം വിലയിരുത്താൻ വീണ്ടും രക്തവും സ്രവങ്ങളും പരിശോധിക്കും. എറണാകുളം മെഡിക്കൽ കോളേജിൽ തയ്യാറാക്കിയ പ്രത്യേക ലബോറട്ടറിയിലാണ് പരിശോധനകൾ നടത്തുക. പൂനെയിൽ നിന്നെത്തിയ വിദഗ്ദ്ധരാണ് പരിശോധനകൾ നടത്തുന്നത്. കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ വൈറസ് സാന്നിദ്ധ്യം കുറഞ്ഞതായി കണ്ടെത്തിയിരുന്നു.