kcbc

കൊച്ചി: സീറോ മലബാർ സഭയിലെ സ്ഥലമിടപാട്, വ്യാജരേഖക്കേസ് എന്നീ വിവാദങ്ങളിൽ സീറോ മലബാർസഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയെ അനുകൂലിച്ച് കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെ.സി.ബി.സി) വർഷകാല സമ്മേളനം തയ്യാറാക്കിയ സർക്കുലർ പള്ളികളിൽ വായിച്ചില്ല. സർക്കുലറും വിവാദമായ സാഹചര്യത്തിലാണ് രൂപതകളുടെ ബിഷപ്പുമാർ ഇടപെട്ട് വായന ഒഴിവാക്കിയത്.

ഈ മാസം നാലു മുതൽ ആറുവരെ കൊച്ചിയിൽ നടന്ന സമ്മേളനം പള്ളികളിൽ ഇന്നലെ വായിക്കാനായാണ് സർക്കുലർ തയ്യാറാക്കിയത്. കർദ്ദിനാൾ വിരുദ്ധർ പ്രതിഷേധിച്ചതോടെ കെ.സി.ബി.സി വിശദീകരണം നൽകിയിരുന്നു. വായിക്കണമോ വേണ്ടയോയെന്ന് ബിഷപ്പുമാർക്ക് തീരുമാനിക്കാമെന്ന് ശനിയാഴ്ച രാത്രി നിർദ്ദേശവും നൽകി. സംഘർഷസാദ്ധ്യത കണക്കിലെടുത്ത് സർക്കുലർ വായിച്ചില്ലെന്ന് വിവിധ സഭാ അധികൃതർ പറഞ്ഞു.

# സർക്കുലർ പിൻവലിച്ചെന്ന പ്രചാരണം ശരിയല്ല

സർക്കുലർ പിൻവലിക്കുകയോ ഉള്ളടക്കം മാറ്റുകയോ ചെയ്തിട്ടില്ലെന്ന് കെ.സി.ബി.സി വക്താവ് ഫാ. വർഗീസ് വള്ളിക്കാട്ട് പറഞ്ഞു. വിശ്വാസികൾ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ മാത്രമാണ് സർക്കുലറിൽ ഉൾപ്പെടുത്തിയത്.

കേരളത്തിലെ 32 രൂപതകളിൽ നിന്നായി 42 മെത്രാന്മാർ പങ്കെടുത്ത സമ്മേളനം പുറത്തിറക്കിയ സർക്കുലർ പിൻവലിച്ചെന്ന പ്രചാരണം ശരിയല്ല.

എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടിനെ സംബന്ധിച്ച് അന്വേഷിക്കാൻ അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ നിയമിച്ച വിദഗ്ദ്ധസമിതി റോമിന് നൽകിയ രഹസ്യറിപ്പോർട്ടിന്റെ ഉള്ളടക്കം അറിയില്ലെന്നാണ് സർക്കുലർ വിവാദമായപ്പോൾ വിശദീകരണം നൽകിയത്. ചർച്ചചെയ്ത കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് കെ.സി.ബി.സിയുടെ പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം സർക്കുലർ പുറപ്പെടുവിച്ചതെന്നും അദ്ദേഹം പറഞ്ഞു.