കൊച്ചി : മദ്രാസ് ഐ.ഐ.ടി വിദഗ്ദ്ധരും സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതിയും കിണഞ്ഞു പരിശ്രമിച്ചിട്ടും ദേശീയപാതയിലെ പാലാരിവട്ടം മേല്പാലത്തിന്റെ ബലക്ഷയം മാറ്റാൻ കഴിഞ്ഞില്ല. പൊളിച്ചുപണിയണമെന്ന ആവശ്യം ശക്തമായതോടെ 47.7 കോടി രൂപ ചെലവിട്ട മേല്പാലം നിർമ്മാണ ക്രമക്കേടിന്റെ പ്രതീകമായി മാറുകയാണ്.

. ബലക്ഷയം പരിഹരിക്കാൻ നിയോഗിച്ച വിദഗ്ദ സമിതിയും മദ്രാസ് എെ.എെ.ടി വിദഗ്ദരും മേല്പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാൻ റോഡ്സ് ആൻഡ് ബ്രിഡ്ജ്സ് കോർപ്പറേഷന് അനുമതി നൽകിയിട്ടില്ല. ഉടൻ തുറക്കേണ്ടെന്നാണ് വിദഗ്ദ സമിതിയും മദ്രാസ് എെ.എെ.ടി.യിലെ പ്രൊഫ. അളകസുന്ദരമൂർത്തിയും സർക്കാരിനെ അറിയിച്ചത്.

മേൽപ്പാലത്തിന്റെ പുന:സ്ഥാപനം കുറ്റമറ്റ രീതിയിൽ നടത്താൻ ആറു മാസം മുതൽ ഒരു വർഷം വരെ വേണമെന്ന് മൂന്നംഗ വിദഗ്ദസമിതി സർക്കാരിനെ അറിയിച്ചു. എക്സ്പാൻഷൻ ജോയിന്റുകളുടെയും പാലത്തെ താങ്ങിനിറുത്തുന്ന ബെയറിംഗുകളുടേയും നിർമ്മാണത്തിലെ വീഴ്ച ശാസ്ത്രീയമായി പരിഹരിക്കാൻ വിദേശ സാങ്കേതിക വിദഗ്ദരുടെ സഹായം തേടണം. .മുഴുവൻ ജോലികളും പൂർത്തിയാക്കിയശേഷം പാലം തുറന്നാൽ മതിയെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും നിർദ്ദേശിച്ചിട്ടുണ്ട്.ഗർഡറുകൾ സ്ഥാപിച്ചതിലെ തകരാറാണ് പ്രധാന പ്രശ്നമെന്ന് എൻജിനീയറിംഗ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിലെ ഗർഡറുകൾ മാറ്റി പുതിയവ ഘടിപ്പിക്കുകയാണ് വഴിയെന്ന് ഡൽഹി മെട്രോയുടെ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനും നിർദ്ദേശിച്ചിട്ടുണ്ട്.ഇനി എന്തു ചെയ്യണമെന്നതിൽ പാലം നിർമ്മിച്ച റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡവലപ്മെന്റ് കോർപ്പറേഷനോ പൊതുമാരാമത്ത് വകുപ്പിനോ വ്യക്തതയില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന സൂചന.

തകരാർ രണ്ടര വർഷത്തിനിടെ

2014 സെപ്റ്റംബറിൽ നിർമ്മാണം ആരംഭിച്ച മേല്പാലം 2016 ഒക്ടോബർ 12 മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

2018 ഒക്ടോബറിലാണ് പാലത്തിന് തകരാർ കണ്ടെത്തിയത്. മദ്രാസ് എെ.എെ.ടി സംഘത്തെ പഠനത്തിന് നിയമിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഏപ്രിൽ 30 ന് അർദ്ധരാത്രി പാലം അടച്ചു. മേയ് ഒന്നിന് അറ്റകുറ്റപ്പണികൾ തുടങ്ങി. ഒരു മാസം കൊണ്ട് പൂർത്തീകരിച്ച് ജൂൺ ഒന്നിന് തുറക്കാനായിരുന്നു തീരുമാനം.

വിജിലൻസ് അന്വേഷിക്കുന്നു

മേല്പാലം നിർമ്മാണത്തിൽ അഴിമതിയും ക്രമക്കേടുമാണ് നടന്നതായി വിജിലൻസ് കണ്ടെത്തിയിരുന്നു. കിറ്റ്കോ മുൻ എം.ഡി. സിറിയക് ഡേവിഡ്, ജോയിന്റ് ജനറൽ മാനേജർമാരായ ബെന്നി പോൾ, ജി. പ്രമോദ് ആർ.ബി.ഡി.സി മുൻ ജനറൽ മാനേജർ എം.ഡി. തങ്കച്ചൻ ഉൾപ്പെടെ 17 പേരാണ് കേസിൽ പ്രതികൾ.