കൊച്ചി: നീതിന്യായ സംവിധാനത്തിലും നിർവഹണത്തിലും ജനങ്ങൾക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിൽ ജുഡീഷ്യൽ ഓഫീസർമാർക്ക് നിർണായക പങ്കുണ്ടെന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് പറഞ്ഞു. കേരള ജുഡീഷ്യൽ ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.ജെ.ഒ.എ.) വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കണക്കുകൾ പരിശോധിക്കുമ്പോൾ സിവിൽ കേസുകളിൽ 75 ശതമാനത്തിലും ആദ്യകോടതി വിധികൾ തന്നെയാണ് അപ്പീലിലും അന്തിമമെന്നു കാണുന്നത്. അതിനാൽ ശരിയും കൃത്യതയുമാർന്ന നീതി നിർവഹണം പ്രാഥമികതലത്തിൽ നടക്കണമെന്ന് അദ്ദേഹം പറഞ്ഞു.
മതിയായ അടിസ്ഥാന സൗകര്യങ്ങളോ സംവിധാനങ്ങളോ ഇല്ലാതെയാണ് സംസ്ഥാനത്ത് ഒട്ടേറെ കീഴ്‌ക്കോടതികൾ പ്രവർത്തിക്കുന്നതെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച കെ.ജെ.ഒ.എ വൈസ് പ്രസിഡന്റ് എൻ. ശേഷാദ്രിനാഥൻ പറഞ്ഞു. കീഴ്‌ക്കോടതികളിലെ ന്യായാധിപരുടെ ഒഴിവുകൾ നികത്താൻ സത്വര നടപടി വേണമെന്ന് സെക്രട്ടറി എം.ആർ. ശശി ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ സി.കെ. അബ്ദുൾ റഹീം, എ.എം. ഷഫീഖ്, കെ.ജെ.ഒ.എ. മുൻ പ്രസിഡന്റ് ബി.ജി. ഹരീന്ദ്രനാഥ്, ട്രഷറർ ശാലീന വി.ജി. നായർ എന്നിവർ പ്രസംഗിച്ചു.