dispansary
വളന്തകാട് ഫ്ളോട്ടിംഗ് ഡിസ്പൻസറി ചേപ്പനം -പനങ്ങാട് ബണ്ടിൽ എത്തിയപ്പോൾ

# ഇവിടെ ബോട്ടിലേക്ക് കയറാൻ ഇപ്പോഴും പലകമാത്രം

പനങ്ങാട്: മരട് നഗരസഭയിലേയും കുമ്പളം പഞ്ചായത്തിലേയും തീരദേശവാസികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ നഗരസഭയും ദേശീയ ആരോഗ്യമിഷനും ചേർന്ന് നടപ്പാക്കിയ വളന്തകാട് പ്രാഥമികാരോഗ്യകേന്ദ്രത്തിന് കീഴിലുള്ള ഫ്‌ളോട്ടിംഗ് ഡിസ്‌പെൻസറിയുടെ പ്രവർത്തനം 9 വർഷം പിന്നിടുന്നു. ബോട്ടിൽ ഒരുക്കിയിരിക്കുന്ന ഡിസ്പെൻസറി നിശ്ചിതദിവസങ്ങളിൽ രോഗികളെത്തേടിയെത്തുമെന്നതാണ് പ്രത്യേകത. ബോട്ടിൽ കയറി വേണം ഡോക്ടറെ കണ്ട് മരുന്നുമേടിക്കേണ്ടത്. അഞ്ച് കേന്ദ്രങ്ങളിലാണ് ബോട്ട് അടുപ്പിക്കുന്നത്.

സുരക്ഷിതമായ ബോട്ട്‌ ജെട്ടിയില്ലാത്തതിനാൽ പനങ്ങാട് പ്രദേശത്തുളള രോഗികൾ മാത്രം ഈ സേവനം പ്രയോജനപ്പെടുത്താൻ വലയുകയാണ്. ചേപ്പനം പനങ്ങാട് ബണ്ടിന്റെ പനങ്ങാട് ഭാഗത്താണ് ഈ പ്രദേശത്തുള്ളവർക്കായി ബോട്ട് അടുക്കുന്നത്. ബണ്ടിന്റെ സമീപത്തെ സ്വകാര്യവ്യക്തിയുടെ പറമ്പിനോടു ചേർന്നുള്ള കൽക്കെട്ടിലാണ് ഇപ്പോൾ ബോട്ട് അടുപ്പിക്കുന്നത്. ഇവിടെ ബോട്ടിലേക്ക് കയറാൻ പലക മാത്രമാണുള്ളത്. കണ്ണൊന്നുതെറ്റിയാൽ പലക ഇളകി വെള്ളത്തിൽ വീഴുമെന്നുറപ്പ്. പ്രായമായവരും കാഴ്ചകുറഞ്ഞവരും അംഗപരിമിതരും കുട്ടികളുമായി എത്തുന്നവരുമാണ് ബോട്ടിലേക്ക് കയറാൻ പെടാപ്പാട് പെടുന്നത്. മഴയെത്തിയതോടെ സ്ഥിതിഗതി കൂടുതൽ ഗുരുതരമായി. പുഴയിൽ ഒാളമുണ്ടെങ്കിൽ ബോട്ട് ഇളകിയാടും. ബോട്ടിലുള്ളവരാണ് രോഗികളെ സുരക്ഷിതമായി ബോട്ടിലേക്ക് കയറ്റുന്നതും ഇറക്കുന്നതും. കാര്യങ്ങൾ ഇങ്ങനെയായിട്ടും ഇവിടെ സുരക്ഷിതമായി ബോട്ട് അടുപ്പിക്കാനുള്ള സംവിധാനം ഒരുക്കാൻ പഞ്ചായത്ത് അധികാരികൾ തയ്യാറാകുന്നില്ല. നിരവധി സാങ്കേതിക തടസങ്ങളാണ് പറയുന്നത്. ബോട്ട് അടുപ്പിക്കുന്ന ബാക്കി നാലുകേന്ദ്രങ്ങളിലും രോഗികൾക്ക് ബോട്ടിലെത്തി ചികിത്സതേടാനുള്ള സംവിധാനമുണ്ട്.

# സേവനം മികച്ചത്

ബോട്ടിൽ ഒരുക്കിയിരിക്കുന്ന ഡിസ്പൻസറിയിൽ ഒരു ഡോക്ടർ, നഴ്‌സ്, നഴ്‌സിംഗ് അസിസ്റ്റന്റ്, ലാബറട്ടറി ടെക്‌നീഷ്യൻ, ആശാവർക്കർ എന്നിവരുടെ സേവനമുണ്ട്. ആവശ്യത്തിനുള്ള മരുന്നുകളുമുണ്ടാകും. സൗജന്യമായി മികച്ചസേവനം കിട്ടുന്നതിനാൽ ഫ്‌ളോട്ടിംഗ് ഡിസ്പെൻസറി കടവിലടുക്കുന്ന ദിവസത്തിനുവേണ്ടിയുള്ള കാത്തിരിപ്പ് പ്രദേശവാസികൾ മുടക്കില്ല. പാവപ്പെട്ടവർക്ക് ആശ്വാസമേകുന്ന വളന്തകാട് ഫ്‌ളോട്ടിംഗ് ഡിസ്പൻസറിയെ ആധുനികസജ്ജീകരണങ്ങളോടെ വിപുലപ്പെടുത്തണമെന്നും ചേപ്പനം ബണ്ടിന് സമീപം സുരക്ഷിതമായ ബോട്ട്‌ജെട്ടി നിർമ്മിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

# ഡിസ്പെൻസറിക്ക് അവധി ഞായർ മാത്രം

ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെയാണ് ഫ്‌ളോട്ടിംഗ് ഡിസ്പൻസറിയുടെ പ്രവർത്തനം.

വേമ്പനാട്ട് കായലിന്റെ കൈവഴിയായ പനങ്ങാട്‌ ചേപ്പനം കായലിൽ ചേപ്പനം ബണ്ടിന് സമീപത്ത് എല്ലാ ബുധനും ശനിയും മരട് നഗരസഭയുടെ ഭാഗമായ നെട്ടൂർ കേട്ടേഴത്ത് കടവിൽ തിങ്കളാഴ്ചയും കുണ്ടന്നൂർ ഫെറിയിൽ ചൊവ്വാഴ്ചയും ചാത്തമ്മയിൽ വ്യാഴാഴ്ചയും മരട് ചൂളക്കൽ കടവിൽ വെള്ളിയാഴ്ചയും ഫ്ളോട്ടിംഗ് ഡിൻസ്പെൻസറി കൃത്യമായി എത്തും.

# സേവനങ്ങൾ

രോഗപരിശോധനയും മരുന്നുവിതരണവും കൂടാതെ ജീവിതശൈലീരോഗ നിർണയം, കുത്തിവെയ്പ്പ് , ലാബറട്ടറി പരിശോധനകളും ഉണ്ട്.


വളന്തകാട് ഫ്‌ളോട്ടിംഗ് ഡിസ്പൻസറിക്ക് ചേപ്പനം ബണ്ട്പരിസരത്ത് സുരക്ഷിതമായ ബോട്ട്‌ജെട്ടി നിർമ്മിക്കുന്നത് സംബന്ധിച്ച വിഷയം എം. സ്വരാജ് എം.എൽ.എയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. പനങ്ങാട് റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളുടെ ദീർഘകാലത്തെ ആവശ്യമാണിത്. ഫണ്ടാണ് പ്രധാന തടസം.

ടി.ആർ. രാഹുൽ

കുമ്പളം പഞ്ചായത്ത് മെമ്പർ