കൊച്ചി : നിപ സംശയിച്ച് എറണാകുളം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച 11 പേർക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. എറണാകുളത്തെ 41 പേരുൾപ്പെടെ 52 പേർ തീവ്രനിരീക്ഷണത്തിലാണ്.
വൈറസ് സ്ഥിരീകരിച്ച യുവാവിന്റെ നില മെച്ചപ്പെട്ടു. യുവാവിന്റെ മൂന്നു സാമ്പിളുകൾ പരിശോധിച്ചതിൽ ഒരെണ്ണം പോസിറ്റീവും രണ്ടെണ്ണം നെഗറ്റീവുമാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.
എറണാകുളം മെഡിക്കൽ കോളേജിലെ താത്കാലിക ലാബിൽ നടത്തിയ രണ്ടാംഘട്ട സാമ്പിൾ പരിശോധനയുടെ ഫലം കൂടുതൽ സ്ഥിരീകരണത്തിന് പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിൽ അയച്ചിരുന്നു. അവിടെ നിന്ന് ലഭിച്ച റിപ്പോർട്ടിലാണ് അണുബാധ കുറയുന്ന സൂചന നൽകി രണ്ടിൽ നെഗറ്റീവും ഒന്നിൽ പോസിറ്റീവും കണ്ടെത്തിയത്.
നിപ സംശയിച്ച് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച 5 രോഗികളെ കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്തു. 7 പേരുടെ പരിശോധനാ ഫലവും നെഗറ്റീവാണെങ്കിലും നിരീക്ഷണത്തിൽ തുടരുകയാണ്.
പറവൂർ താലൂക്ക് ആശുപത്രിയിലെ ഒരു രോഗിയെ ഇന്നലെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൂന്ന് സ്വകാര്യ ആശുപത്രികളിൽ നിന്ന് നിപ ലക്ഷണങ്ങൾ സംശയിച്ച മൂന്നു പേരുടെ സാമ്പിളുകൾ കളമശേരി മെഡിക്കൽ കോളേജിലെ താത്കാലിക ലാബിൽ പരിശോധിച്ചു. ഇവയുടെ ഫലവും നെഗറ്റീവാണ്.
നിരീക്ഷണത്തിൽ
ലോ റിസ്‌ക് : 275
ഹൈ റിസ്‌ക് : 52
ഹൈ റിസ്‌ക് - ജില്ല തിരിച്ച്
എറണാകുളം : 41
ആലപ്പുഴ :1
കൊല്ലം : 3
തൃശൂർ : 2
മലപ്പുറം : 4
ഇടുക്കി : 1
ഡോ. രമേഷ് ചന്ദ്ര വിദഗ്ദ്ധസംഘം മേധാവി
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിദഗ്ദ്ധ സംഘത്തിന്റെ നേതൃത്വം ഡോ. രമേഷ് ചന്ദ്ര ഏറ്റെടുത്തു. സംഘം എറണാകുളം മെഡിക്കൽ കോളേജിലെ രോഗികളുടെ സ്ഥിതി വിലയിരുത്തി. താത്കാലിക ലാബ്, പി.സി.ആർ, അണുവിമുക്ത പ്രവർത്തനങ്ങൾ എന്നിവയുടെയും മേൽനോട്ടം തുടരുന്നു. എയിംസ്, നിംഹാൻസ് സംഘങ്ങൾ മെഡിക്കൽ കോളേജിലെ പുതിയ ഐസോലേഷൻ വാർഡിലെ സംവിധാനങ്ങൾ പരിശോധിച്ചു. സ്വകാര്യ ആശുപത്രിയിലെ നിപ രോഗിയുടെ സ്ഥിതിയും അവലോകനം ചെയ്തു.
വവ്വാലുകളുടെ സാമ്പിളെടുത്തു
പുനെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള രണ്ടാമത്തെ സംഘം തൊടുപുഴ മുട്ടത്ത് കണ്ട വവ്വാൽ കൂട്ടങ്ങളിൽ നിന്ന് 23 എണ്ണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു. ഇവയിൽ നിപ വൈറസ് ഉണ്ടോയെന്ന് പരിശോധിക്കും. സംഘം ഫാമുകളിൽ നിന്ന് പന്നികളുടെ രക്തസാമ്പിളുകളും ശേഖരിച്ചു.