മൂവാറ്റുപുഴ: മാനാറി കാവുംപടിയിലെ റോഡിന്റെ ഇരുവശങ്ങളിലും കൈയേറ്റം തകൃതി. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ചെറുവട്ടൂർ - പായിപ്ര റോഡിന്റെ ഈ ഭാഗത്തെ ഇരുവശങ്ങളും കൈയേറ്റക്കാരുടെ പിടിയിലാണ്. കെട്ടിടനിർമ്മാണങ്ങൾ പോലും ദൂരപരിധിചട്ടം കാറ്റിൽ പറത്തിയാണ് നടക്കുന്നത്.
ചെറുവട്ടൂർ പായിപ്ര റോഡിൽ നിന്ന് കീഴില്ലം എം.സി റോഡിലേക്ക് എളുപ്പത്തിൽ പോകാവുന്ന മാനാറി കീഴില്ലം റോഡിന്റെ തുടക്കവും കാവുംപടിയിൽ നിന്നാണ്. നൂറുകണക്കിന് വാഹനങ്ങളും വഴിയാത്രക്കാരുമുള്ള പ്രധാനപ്പെട്ട ജംഗ്ഷനിൽ റോഡ് വ്യാപകമായി കൈയേറിയിട്ടും ഒരു നടപടിയും പൊതുമരാമത്ത് വകുപ്പോ പഞ്ചായത്ത് അധികൃതരോ കൈക്കൊണ്ടിട്ടില്ലെന്നതാണ് അത്ഭുതകരം.
റോഡിനടുത്തുള്ള വലിയതോടുകളും പാടങ്ങളും കൈയേറ്റം കാരണം ചുരുങ്ങി ഇല്ലാതാകുന്നുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ അനുമതി വാങ്ങാതെ സ്വകാര്യവ്യക്തികളുടെ കച്ചവടസ്ഥാപനങ്ങളിലേക്കും മറ്റ് കെട്ടിടങ്ങളിലേക്കും വാഹനങ്ങൾ കയറ്റുന്നതിനുൾപ്പെടെ വലിയ സ്ലാബുകൾ വാർത്തിട്ടുകഴിഞ്ഞു.
കാവുംപടി ജംഗ്ഷന്റെ ഇരുവശങ്ങളിലെയും നെൽപ്പാടങ്ങൾ മിക്കവാറും എല്ലാം തന്നെ അനധികൃതമായി നികത്തിയവയാണ്.
പായിപ്ര റേഷൻകടക്കു സമീപം മുതൽ കാവുംപടി ജംഗ്ഷൻ തീരുന്നതുവരെയുള്ള റോഡും തോടും സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തിയതിനാൽ ഇവിടെ അപകട മേഖലയായി മാറിയിരിക്കുകയാണ്.
പരാതി നൽകി
കാവുംപടിയിലെ റോഡും തോടും കൈയേറിയത് ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഹായസമിതി ജനറൽ സെക്രട്ടറി പായിപ്ര സോമൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നൽകി. നെൽവയലായിരുന്ന സ്ഥലത്ത് കെട്ടിടം നിർമ്മിക്കുവാൻ നൽകിയ അനുമതിയുടെ പിന്നിൽ വൻ അഴിമതി നടന്നതായും പരാതിയിൽ പറയുന്നു. വിജിലൻസ് അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്.