mulavoor
മുളവൂർ തോട്ടിൽ വായനശാലപ്പടി പാലത്തിന് സമീപം മാലിന്യം തള്ളിയ നിലയിൽ

മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ പ്രധാന ശുദ്ധജല സ്രോതസുകളിൽ ഒന്നായ മുളവൂർ തോട്ടിൽ മാലിന്യം തള്ളുന്നത് നിർബാധം തുടരുന്നു. അഞ്ച് കുടിവെള്ള പദ്ധതികളാണ് തോടിനെ ആശ്രയിച്ച് പ്രവർത്തിക്കുന്നത്. തോട് മലിനമായതോടെ വരും ദിവസങ്ങളിൽ ഇതിന്റെ പ്രവർത്തനവും അവതാളത്തിലാകുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. പകർച്ചവ്യാധി ഭീഷണിയും നിലനിൽക്കുന്നു. പായിപ്ര ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ മുളവൂർ വായനശാലപ്പടി പാലത്തിന് സമീപമാണ് ചാക്കിൽ നിറച്ച മാലിന്യം ഇന്നലെ രാത്രി നിക്ഷേപിച്ചത്. വിവാഹ വീടുകളിൽ നിന്നുള്ള മാലിന്യമാണ് തോട്ടിലെത്തിയിരിക്കുന്നത്. വെള്ളം കുറവായതിനാൽ മാലിന്യം പാലത്തിന് സമീപം അടിഞ്ഞുകിടക്കുകയാണ്. മാലിന്യ നിക്ഷേപത്തിനുപുറമേ അനധികൃതകൈയേറ്റവും മൂലം തോട് നാശത്തിന്റെ വക്കിലാണ്.

# വേനലിലും ജലസമൃദ്ധമായ തോട്

പഞ്ചായത്തിലൂടെ കടന്നുപോകുന്ന പെരിയാർവാലി കനാലുകളിൽ നിന്നുള്ള വെള്ളം തോട്ടിലേയ്ക്ക് ഒഴുകുന്നതിനാൽ കടുത്ത വേനലിലും മുളവൂർ തോട് ജലസമൃദ്ധമായിരുന്നു. പക്ഷേ ഇപ്പോൾ ഈ സ്ഥിതി മാറി. തോട് സംരക്ഷിക്കണമെന്ന് നാട്ടുകാർ അധികൃതരോട് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പക്ഷേ നടപടിയൊന്നുമില്ലെന്ന് മാത്രം.

പായിപ്ര, മാനാറി ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ക്രഷറുകളിലും പാറമടകളിൽ നിന്നുമുള്ള മെറ്റലും മണലും കഴുകുന്ന വെള്ളം തോട്ടിലേയ്ക്ക് തുറന്നുവിടുന്നതാണ് തോട് മലിനമാകാൻ പ്രധാന കാരണമെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. തോട്ടിലെ വെള്ളത്തിന് പാൽക്കളറാണ്. തോട്ടിൽ കുളിക്കുന്നവർക്ക് ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെടുന്നു. പായിപ്രയിൽ നിന്ന് തുടങ്ങുന്ന കൽചിറ വഴിയാണ് മലിനജലം തോട്ടിലേയ്ക്ക് ഒഴുകിയെത്തുന്നത്. രാത്രികാലങ്ങളിലാണ് മലിനജലം ഒഴുക്കുന്നത്. കാലവർഷം കഴിഞ്ഞ് തോട്ടിൽ വെള്ളംനിറഞ്ഞ് കിടക്കുന്നതിനാൽ മലിനജലം ഒഴുക്കുന്നത് അറിയാൻ കഴിയില്ലായിരുന്നു. തോട് വറ്റിവരണ്ടുതുടങ്ങിയതോടെ വെള്ളത്തിന് നിറംമാറ്റം സംഭവിച്ചു. ഇതോടെയാണ് മലിനജലം ഒഴുക്കുന്നത് കണ്ടെത്തിയതെന്ന് നാട്ടുകാർ പറയുന്നു. തോട് സംരക്ഷിക്കാൻ അധികാരികൾ അടിയന്തര നടപടിയെടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ.