കൊച്ചി : നിപ പ്രതിരോധത്തിന്റെ ഭാഗമായി വനം വകുപ്പ് ആദിവാസി കോളനികളിൽ സ്‌ക്വാഡ് പരിശോധന നടത്തി. മേഖലയിലെ ആദിവാസി കുടുംബങ്ങൾക്ക് വന സംരക്ഷണ സമിതി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സംശയാസ്പദമായ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മലയാറ്റൂർ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ എൻ.ഐ.വിയിൽ നിന്നുള്ള ശാസ്ത്രജ്ഞൻമാരും ഫോറസ്റ്റ് വെറ്ററിനറി വിദഗ്ദ്ധരും ചേർന്ന് തൊടുപുഴ മുട്ടം പ്രദേശത്തെ വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങൾ കണ്ടെത്തി

മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും ചേർന്ന് വടക്കേക്കര, ചിറ്റാറ്റുകര, ചേന്ദമംഗലം പഞ്ചായത്തുകളിൽ പരിശോധന നടത്തി. പന്നി വളർത്തുന്ന വീടുകളിലും ഫാമുകളിലും നിരീക്ഷണം നടത്താനും അസ്വാഭാവിക രോഗങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്യാനും ഡോക്ടർമാർക്ക് നിർദേശം നൽകി. വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യാൻ നിർദേശിച്ചു. ആലുവ ലൈവ് സ്‌റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിംഗ് സെന്ററിൽ ആഴ്ചയിൽ രണ്ടു ദിവസം വീതം കർഷകർക്ക് ക്ലാസുകളെടുക്കും.

തൊഴിൽ വകുപ്പ് നോർത്ത് പറവൂർ, പെരുമ്പാവൂർ, കാക്കനാട് മേഖലകളിൽ 12 അതിഥി തൊഴിലാളി ക്യാമ്പുകളിൽ പരിശോധന നടത്തി.