നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിന്റെ (സിയാൽ) മാതൃകയിൽ രാജ്യത്തെ സ്‌റ്റേഡിയങ്ങളുടെ ഗാലറികളുടെ മേൽക്കൂരകളിലും സൗരോർജ പാനലുകൾ സ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ലോകത്തെ ആദ്യ സമ്പൂർണ സൗരോർജ വിമാനത്താവളമെന്ന നേട്ടം കൈവരിച്ച സിയാലിനെ അദ്ദേഹം അഭിനന്ദിച്ചു.
കേരള സന്ദർശനത്തിനിടെ കൊച്ചി വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയുമായി ചർച്ച നടത്താൻ സിയാൽ മാനേജിംഗ് ഡയറക്‌ടർ വി.ജെ. കുര്യന് അനുമതി ലഭിച്ചിരുന്നു. സിയാലിന്റെ ഉപഹാരം വി.ജെ. കുര്യൻ പ്രധാനമന്ത്രിക്ക് നൽകി. സിയാലിന്റെ ഹരിത പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോ പ്രസന്റേഷൻ അദ്ദേഹം കണ്ടു. ഗവർണർ പി. സദാശിവം, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ എന്നിവരും സന്നിഹിതരായിരുന്നു.
സിയാലിന്റെ സൗരോർജ പദ്ധതിയെക്കുറിച്ച് കുര്യൻ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. ''ഇത് മികച്ച മാതൃകയാണ്. വൻകിട ഊർജ ഉപഭോഗം വേണ്ടിവരുന്ന സ്ഥാപനങ്ങൾക്കും സൗരോർജ പദ്ധതിയെ ആശ്രയിക്കാമെന്നകാര്യം വളരെ നല്ലതാണ്. പുതുതായി പാനലുകൾ എവിടെയൊക്കെ സ്ഥാപിക്കാമെന്നത് ആലോചിക്കണം. രാജ്യത്തെ സ്‌റ്റേഡിയങ്ങളുടെ മേൽക്കൂരകളിൽ സിയാൽ മാതൃകയിൽ സൗരോർജ പാനലുകൾ സ്ഥാപിക്കാവുന്നതാണ്. വലിയ സ്ഥാപനങ്ങൾ ഊർജ സ്വയംപര്യാപ്തത കൈവരിക്കുന്നത് രാജ്യത്തിന് ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യും"", പ്രധാനമന്ത്രി പറഞ്ഞു.
നരേന്ദ്ര മോദി മുൻകൈയെടുത്ത് സ്ഥാപിച്ച ഇന്റർനാഷണൽ സോളാർ അലയൻസ് (ഐ.എസ്.എ) അന്താരാഷ്ട്രതലത്തിൽ സൗരോർജ സാങ്കേതികവിദ്യാ കൈമാറ്റത്തിനായുള്ള 78 രാജ്യങ്ങളുടെ കൂട്ടായ്‌മയാണ്. ഐ.എസ്.എയുമായി സഹകരിച്ച് പ്രവർത്തിക്കാനും മറ്റ് രാജ്യങ്ങൾക്കും സ്ഥാപനങ്ങൾക്കും കൺസൾട്ടൻസി ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകാനും സിയാലിന് കഴിയണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിർദേശം നടപ്പാക്കാൻ സിയാൽ സന്നദ്ധമാണെന്ന് വി.ജെ. കുര്യൻ പറഞ്ഞു.
ഐ.എസ്.എയുടെ നേതൃത്വത്തിൽ 40 രാജ്യങ്ങളുടെ അംബാസഡർമാർ കഴിഞ്ഞമാസം സിയാലിന്റെ സൗരോർജ പ്ലാന്റ് സന്ദർശിച്ചിരുന്നു. 2015 ആഗസ്റ്റിലാണ് സിയാൽ ഊർജ സ്വയംപര്യാപ്തത കൈവരിച്ചത്. നിലവിൽ 40 മെഗാവാട്ടാണ് സിയാലിലെ സൗരോർജ പ്ലാന്റുകളുടെ മൊത്തം സ്ഥാപിതശേഷി. പ്രതിദിനം ശരാരശി 1.62 ലക്ഷം യൂണിറ്റ് വൈദ്യുതി ലഭിക്കുന്നു. വിമാനത്താവളത്തിന്റെ പ്രതിദിന ഊർജ ഉപഭോഗം 1.52 ലക്ഷം യൂണിറ്റാണ്.