നെടുമ്പാശേരി: അത്താണി വൈദ്യുതി സെക്ഷന്റെ കീഴിൽ വരുന്ന ദേശം, പുറയാർ, കിഴക്കേ ദേശം ഭാഗങ്ങളിൽ മുന്നറിയിപ്പില്ലാതെയുള്ള വൈദ്യുതി മുടക്കത്തിനെതിരെ ഉപഭോക്താക്കൾ. ദിവസവും മണിക്കൂറുകളായി വൈദ്യുതി മുടങ്ങുന്നതിനാൽ ജനങ്ങൾ ഏറെ ബുദ്ധിമുട്ടുകയാണ്.
കിണർ വെള്ളത്തെ ആശ്രയിക്കുന്നവർ കുടിവെള്ളത്തിന് പോലും പ്രയാസമനുഭവിക്കുന്നു. സ്‌കൂൾ തുറന്നതോടെ വിദ്യാർത്ഥികളെ സമയത്ത് സ്‌കൂളിലെത്തിക്കാൻ രക്ഷിതാക്കൾ ഏറെ കഷ്ടപ്പെടുകയാണ്. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടാൽ പിന്നെ സെക്ഷൻ ഓഫീസിലെ ഫോണിലും വിളിച്ചാൽ കിട്ടില്ല. ഇനി കിട്ടിയാൽ പരാതി പറയുന്ന ഉപഭോക്താക്കളോട് ഉന്നത അധികാരികളെ അറിയിക്കുവാനാണ് മറുപടി.വൈദ്യുതി തകരാർ പരിഹരിച്ച് വിതരണം കാര്യക്ഷമമാക്കാൻ അധികൃതർ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.