ആലുവ: ജില്ലാ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിൽ നിന്നും ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിലേക്ക് മാറ്റുന്നതിനായി മേൽക്കൂരയോട് കൂടിയ റാമ്പ് നിർമ്മിക്കുന്നു. ജില്ലാ പഞ്ചായത്ത് അനുവദിച്ച ഒമ്പത് ലക്ഷം രൂപ ചെലവിട്ടാണ് റാമ്പ് നിർമ്മിക്കുന്നത്.
ഓപ്പറേഷൻ തിയേറ്ററിൽ നിന്നും ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ ലിഫ്റ്റ് വഴി കാഷ്യാലിറ്റി ബ്ലോക്കിന്റെ താഴെ നിലയിൽ എത്തിച്ച് കാഷ്വാലിറ്റി ബ്ലോക്ക് കോറിഡോർ വഴി ഓഫീസ് കാര്യാലയത്തിന് സമീപം ആശുപത്രിക്കുള്ളിലെ റോഡിലൂടെ പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിൽ എത്തിക്കുകയായിരുന്നു നിലവിലെ രീതി. ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന രോഗികൾക്കും രോഗികളുടെ ഷിഫ്റ്റിംഗിന് നിയോഗിക്കപ്പെടുന്ന ആശുപത്രി ജീവനക്കാർക്കും ഏറെ പ്രയാസകരമായിരുന്ന പ്രവർത്തിയായിരുന്നു ഇത്. മാത്രമല്ല, വൈദ്യുതി മുടക്കത്തെ തുടർന്ന് ലിഫ്റ്റ് പ്രവർത്തിക്കാതിരിക്കുമ്പോഴും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

കാലവർഷ സമയത്ത് മഴ നനയാതെ രോഗികളുടെ ഷിഫ്ടിംഗിങ് ഏറെ ദുഷ്‌കരമാവുമെന്ന ആശുപത്രി സൂപ്രണ്ട്‌ ഡോ. കെ. പ്രസന്നകുമാരിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിരമായി റാമ്പ് നിർമ്മിക്കാൻ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചത്.