bilal
ബിലാൽ

കൊച്ചി: ഒന്നേകാൽ കിലോ കഞ്ചാവുമായി ബീഹാർ സ്വദേശി ബിലാലിനെ (27) എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി. കഞ്ചാവ് വിൽക്കാനുപയോഗിച്ച സ‌്കൂട്ടറും പിടിച്ചെടുത്തു.

കൊച്ചിയിൽ കഞ്ചാവ് വിറ്റാൽ കൈനിറയെ പണം ലഭിക്കുമെന്ന സുഹൃത്തുക്കളുടെ വാക്കു കേട്ടാണ് ബിലാൽ കച്ചവടം തുടങ്ങിയത്. ബീഹാറിൽ തുച്ഛമായ വിലയ്‌ക്ക് കഞ്ചാവ് ലഭിക്കും. മൂന്നു കിലോയുമായി എറണാകുളത്ത് എത്തി കച്ചവടം തുടങ്ങി. 500, 1000 രൂപയുടെ ചെറിയ പൊതികളിലാക്കിയായിരുന്നു വിൽപ്പന. കച്ചവടം ലാഭമായതോടെ സ്‌കൂട്ടറും വാങ്ങി. ബിലാലിനെക്കുറിച്ച് എക്‌സൈസിന് രഹസ്യവിവരം ലഭിച്ചതോടെ കഞ്ചാവ് ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചു. എത്ര രൂപയുടെ പൊതി വേണമെന്നായിരുന്നു ആദ്യ ചോദ്യം. മുഴുവൻ എടുത്തോളാൻ പറഞ്ഞതോടെ എക്സൈസ് വിരിച്ച വലയിൽ വീഴുകയായിരുന്നു. ബീഹാറിൽ മോഷണം, പിടിച്ചുപറി കേസുകളിൽ പ്രതിയാണ്. എക്‌സൈസ് ഇൻസ്‌പെക്‌ടർ ബി.സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത് കോടതിയിൽ ഹാജരാക്കി. അന്വേഷണസംഘത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ പി. ശ്രീരാജ്, പ്രിവന്റീവ് ഓഫിസർമാരായ കെ.ആർ. രാം പ്രസാദ്, ജയ് മാത്യൂസ്, സിവിൽ എക്സൈസ് ഓഫിസർമാരായ എം.എം. അരുൺകുമാർ, പി.എക്സ്.റൂബൻ, പി.എൽ.ജോർജ്ജ്, സിദ്ധാർത്ഥകുമാർ, എന്നിവരുമുണ്ടായിരുന്നു.