പെരുമ്പാവൂർ: അനധികൃതമായി മണ്ണെടുത്തും പാറഖനനം നടത്തിയും വീണ്ടെടുക്കാൻ കഴിയാത്ത വിധം കുന്നുകളും മലകളും ഇല്ലായ്മ ചെയ്യുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മാനവദീപ്തി സംഘടിപ്പിച്ച പരിസ്ഥിതി കൂട്ടായ്മയോടനുബന്ധിച്ച് നടന്ന ചർച്ചാസമ്മേളനം ആവശ്യപ്പെട്ടു. നിയമവിരുദ്ധമായി നികത്തിയിട്ടുള്ള പാടങ്ങൾ പൂർവ്വ സ്ഥിതിയിലാക്കാനും നടപടി സ്വീകരിക്കണം. പരിസ്ഥിതി സംരക്ഷണവും ഹരിത രാഷ്ട്രീയ ചിന്തകളും എന്ന വിഷയത്തെ അധികരിച്ചായിരുന്നു ചർച്ച. സമ്മേളനം സാഹിത്യകാരൻ മനോജ് വെങ്ങോല ഉദ്ഘാടനം ചെയ്തു. മാനവദീപ്തി പ്രസിഡന്റ് വർഗീസ് പുല്ലുവഴി അദ്ധ്യക്ഷത വഹിച്ചു. ശിവൻ കദളി, എം.കെ. ശശിധരൻ പിള്ള, അഡ്വ. ബേസിൽ കുര്യാക്കോസ്, അബ്ദുൽ ജബ്ബാർ മേത്തർ, ടി.എ. വർഗീസ്, എം.ജി. സുനിൽകുമാർ, കെ.വി. മത്തായി, കെ.എ. ഫൈസൽ, വി.പി. സുരേഷ്, ജി. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.