തൃക്കാക്കര : നിപരോഗം ബാധിച്ച യുവാവുമായി സമ്പർക്കം പുലർത്തിയ 327 പേർക്ക് രോഗ ലക്ഷണങ്ങളില്ലെന്നു ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. നിപ രോഗബാധയുമായി ബന്ധപ്പെട്ട് കളമശേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുണ്ടായിരുന്ന എട്ട് പേരിൽ ഒരാളെ ഡിസ്ചാർജ് ചെയ്തു. നിലവിൽ ഏഴ് രോഗികളാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്.
കൺട്രോൾ റൂമിൽ നിന്നുള്ള വിദഗ്ദ്ധ ഡോക്ടർമാർ അടങ്ങുന്ന നാല് സംഘങ്ങൾ നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 73 സ്വകാര്യ ആശുപത്രികളിൽ പരിശോധന നടത്തി. കൂടാതെ കഴിഞ്ഞമാസം ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത 1798 മരണങ്ങളെ സംബന്ധിച്ച വിവരങ്ങളും സംഘം പരിശോധിക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ ഇതുവരെ നിപ രോഗബാധയുമായി സാമ്യമുള്ള മരണങ്ങൾ കണ്ടെത്തിയിട്ടില്ല.
നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ ഇതുവരെ 7916 പേർക്ക് പരിശീലനം നൽകി. 486 സർക്കാർ ഡോക്ടർമാരും 1450 പാരാമെഡിക്കൽ ജീവനക്കാർക്കും സ്വകാര്യ മേഖലയിലെ 120 ഡോക്ടർമാർക്കും 222 പാരാമെഡിക്കൽ ജീവനക്കാർക്കും പരിശീലനം നൽകി. പരിശീലന പ്രവർത്തനങ്ങളുടെ ഭാഗമായി 827 ആശാ പ്രവർത്തകർ, 1766 കുടുംബശ്രീ പ്രവർത്തകർ എന്നിവർക്ക് പുറമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടക്കം 438 പേരും പരിശീലനം നേടി. നിപ കൺട്രോൾ റൂമിൽ സംശയനിവാരണത്തിനായി ഇതുവരെ എത്തിയത് 567 കോളുകളാണ്. 16 കോളുകളാണ് ഇന്നലെ ലഭിച്ചത്. കൺട്രോൾ റൂമിലേക്കെത്തുന്ന കോളുകളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. മരട്, കുണ്ടന്നൂർ, ആലുവ ഭാഗങ്ങളിലായി അഞ്ച് അന്യ സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ തൊഴിൽവകുപ്പ് പരിശോധന നടത്തി. നിപരോഗബാധിതനായ യുവാവ് താമസിച്ചിരുന്ന തൊടുപുഴയിലെ വീടിന്റെ പരിസരങ്ങളിൽ നിന്നുമായി 23 വവ്വാലുകളുടെ സാമ്പിളുകൾ വനം വകുപ്പിന്റെ നേതൃത്വത്തിൽ എൻ.ഐ.വി സംഘം ശേഖരിച്ചു.