കൊച്ചി: പുതുവൈപ്പ് എൽ.എൻ.ജി ടെർമിനലിന് സമീപം കടലിൽ കണ്ടെത്തിയ കാലുകൾ സ്‌ത്രീയുടേതെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഇരുപതിലധികം ദിവസം പഴക്കമുള്ളതിനാൽ ഇക്കാലയളവിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കാണാതായവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് നാലോടെയാണ് മത്സ്യത്തൊഴിലാളികൾ കാലുകൾ കണ്ടെത്തിയത്.അരഭാഗത്തു നിന്ന് വേർപെട്ട നിലയിലാണ് കാലുകൾ. ഇടതു കാൽപ്പാദം അറ്റ് രണ്ടായി. കാലുകളിലെ അസ്ഥികളുടെയും രോമത്തിന്റെയും സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചു. ഇതിന്റെ ഫലം വന്നാൽ മാത്രമേ വ്യക്തത വരൂ. എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ശരീരഭാഗങ്ങൾ ബുധനാഴ്ച പോസ്‌റ്റുമോർട്ടം ചെയ്യാനാണ് തീരുമാനം. ട്രെയിൽ തട്ടി ഛിന്നഭിന്നമായ മൃതദേഹമാണോയെന്നും പൊലീസ് സംശയിക്കുന്നു, മുളവുകാട് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.