# വൈദ്യുതി മുടക്കം പതിവായി
കൊച്ചി: കൂത്താട്ടുകുളം ടൗണിലും നഗരസഭാ പ്രദേശങ്ങളിലും അപ്രഖ്യാപിത വൈദ്യുതി മുടക്കം പതിവായി. എന്താണ് കാരണമെന്നോ എപ്പോൾ കറന്റ് വരുമെന്നോ ചോദിച്ചാൽ കൃത്യമായി ഉത്തരംതരാൻ കെ.എസ്.ഇ.ബി ഓഫീസിലെ ജീവനക്കാർക്ക് കഴിയാറില്ല. കൂത്താട്ടുകുളം ഇലക്ട്രിക്കൽ സെഷനു കീഴിൽ വരുന്ന പ്രദേശങ്ങളിൽ രാത്രികാലത്ത് വൈദ്യുതിമുടക്കം പതിവായതിനാൽ നാട്ടുകാർ ക്ഷുഭിതരാണ്.
കഴിഞ്ഞ രണ്ടു മാസക്കാലമായി ഇതാണ് സ്ഥിതി. പരാതി പറഞ്ഞും കൊടുത്തും മടുത്ത ജനങ്ങൾ ഇനി എന്തു ചെയ്യണമെന്നറിയാതെ കുഴയുകയാണ്. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ബിൽ കൃത്യംദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് കിട്ടിയിരിക്കും. പണമടയ്ക്കേണ്ട ദിവസം കഴിഞ്ഞാൽ നടപടിയും ഉറപ്പ്. സ്വന്തമായി ജനറേറ്റർ ഉള്ള സ്ഥാപനങ്ങൾക്കു മാത്രമാണ് ഇപ്പോൾ കടകൾ പൂർണമായി പ്രവർത്തിപ്പിക്കാൻ കഴിയുന്നത്.
# കുടിവെള്ള വിതരണവും തകരാറിലാകുന്നു
കൂത്താട്ടുകുളം ടൗൺ, ചോരക്കുഴി, രാമപുരം കവല , ദേവമാതാ, പാലക്കുഴ, കരിമ്പന ,ഉപ്പുകണ്ടം , പയറ്റക്കുളം, വടകര മേഖലകളാകെ അപ്രഖ്യാപിത പവർകട്ടിന്റെ പിടിയിലാണ്. വൈദ്യുതിമുടക്കം കാരണം പമ്പിംഗ് സ്റ്റേഷനുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്യുവാൻ കഴിയാത്ത അവസ്ഥയാണ്. ഇത് സുഗമമായി കുടിവെള്ളവിതരണത്തെയും ബാധിക്കുന്നു. പലേടത്തും കുടിവെള്ളക്ഷാമവും രൂക്ഷമായി.
രാത്രി 9 മണി കഴിഞ്ഞാൽ കൂത്താട്ടുകുളം പ്രദേശത്ത് വൈദ്യുതി ഉണ്ടാകാറില്ലെന്ന് നാട്ടുകാരനായ ജോൺ പറഞ്ഞു. രാവിലെ പത്ത് മണിയെങ്കിലും ആകാതെ പിന്നെ വൈദ്യുതി പ്രതീക്ഷിക്കേണ്ട. സ്കൂൾ കുട്ടികളും ജോലിക്ക് പോകേണ്ടവരും വിഷമിക്കുകയാണ്. ഇപ്പോൾ ഈ സ്ഥിതിയാണെങ്കിൽ മഴ ശക്തിപ്രാപിച്ചാൽ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാകും. സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് വൈദ്യുതി മുടങ്ങുന്നതെന്നാണ് അധികാരികളുടെ മറുപടി.
കൂത്താട്ടുകുളത്ത് കെ.എസ്.ഇ.ബി അധികൃതർ പവർ കട്ട് പതിവാക്കിയിരിക്കുകയാണ്. ജനങ്ങളുടെ ശക്തമായ പ്രതിഷേധം ഇക്കാര്യത്തിൽ ഉയർത്തിക്കൊണ്ടുവരും.
പി.സി. ജോസ്
മുൻ നഗരസഭാ ചെയർമാൻ