വില്ലൻ സ്കൂളിന് മുന്നിലെ കാന

കൊച്ചി: വെള്ളക്കെട്ടിൽ നിന്ന് രക്ഷപെടാനുള്ള മാർഗങ്ങൾ തേടിയെങ്കിലും എസ്.ആർ.വി യു.പി സ്‌കൂളിന് ഇത്തവണയും രക്ഷയില്ല. ഒറ്റ മഴയിൽ ക്ളാസ് മുറികൾ മുട്ടോളം വെള്ളത്തിലായി. ഇത്തവണയും വില്ലൻ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി) തന്നെ. മെട്രോ റെയിലിന്റെ ഭാഗമായി കാന പുതുക്കിപ്പണിതെങ്കിലും കണക്‌ടിവിറ്റി പൂർണമായിട്ടില്ല. ഇതോടെ വെള്ളം സുഗമമായി ഒഴുകുന്നില്ല. ക്‌ളാസ് മുറികളിൽ വെള്ളം കയറിയതോടെ കുട്ടികളെ മറ്റൊരു മുറിയിലേക്ക് മാറ്റി പഠനം തുടരുകയാണ് സ്‌കൂൾ അധികൃതർ.

കഴിഞ്ഞ വർഷം ഒരു മഴ പെയ്‌താൽ ചെളിവെള്ളത്തിലായിരുന്നു ക്‌ളാസ് മുറികൾ. മഴയുള്ള ദിവസങ്ങളിലെല്ലാം പഠനം മുടങ്ങി. അദ്ധ്യാപകരും കുട്ടികളും ചേർന്ന് വെള്ളം വറ്റിക്കുന്ന ദയനീയ കാഴ്ച മിക്ക ദിവസവുമുണ്ടായി. ഇതോടെ സ്‌കൂളിന്റെ മുറ്റം മണ്ണിട്ട് ഉയർത്തി ടൈൽ വിരിച്ചു. ഇത്തവണ ദുരിതത്തിൽ നിന്ന് രക്ഷപെടുമെന്നായിരുന്നു പ്രതീക്ഷ. നഗരത്തിലെ അഴുക്കുചാലുകളിൽ നിന്നുള്ള വെള്ളമാണ് സ്‌കൂളിലേക്ക് എത്തുന്നത്. കുട്ടികൾ വെള്ളത്തിലൂടെ ഓടിക്കളിക്കുന്നതിനാൽ സാംക്രമിക രോഗങ്ങൾ വരുമെന്ന ഭയത്തിലാണ് സ്‌കൂൾ അധികൃതർ. അഞ്ച് മുതൽ ഏഴുവരെ നിരവധി ഡിവിഷനുകളുണ്ടായിരുന്ന സ്‌കൂളിൽ ഇപ്പോൾ ഒാരോ ഡിവിഷൻ മാത്രമാണുള്ളത്. സ്‌കൂളിന്റെ പരിതാപകരമായ ചുറ്റുപാടുകളിലേക്ക് രക്ഷകർത്താക്കൾ കുട്ടികളെ വിടാൻ മടിക്കുകയാണെന്ന് അദ്ധ്യാപകർ പറയുന്നു.

 ക്‌ളാസ് ഹൈസ്‌കൂൾ കെട്ടിടത്തിലേക്ക് മാറ്റി

യു.പി ക്‌ളാസ് മുറികളിൽ വെള്ളം കയറിയതോടെ കുട്ടികളെ ഹൈസ്‌കൂൾ കെട്ടിടത്തിലെ മുറികളിലേക്ക് മാറ്റി. അതിനാൽ ഇന്നലെ പഠനം മുടങ്ങിയില്ല. മഴ ശക്തമായാൽ സ്ഥിരമായി ഈ സംവിധാനം തുടരേണ്ടിവരും.

പരാതി പറഞ്ഞു മടുത്തു

സ്‌കൂളിലെ വെള്ളക്കെട്ടിനെക്കുറിച്ച് പി.ടി.എ മുഖ്യമന്ത്രിക്ക് വരെ പരാതി നൽകിയിട്ടുണ്ട്. കാനയും റോഡും ഉയർത്തിയതോടെ ഒരു തുള്ളി വെള്ളം പോലും പുറത്തേക്ക് പോകുന്നില്ല. കഴിഞ്ഞ വർഷത്തേക്കാളും സ്ഥിതി ഗുരുതരമാണ്. കുട്ടികൾക്ക് ഭക്ഷണം പോലും പാചകം ചെയ്‌ത് നൽകാനാവുന്നില്ല.

മാധവി,

ഹെഡ്മിസ്‌ട്രസ്

 കെട്ടിടം പൊളിച്ചു പണിയണം

പഴക്കം ചെന്ന കെട്ടിടം പൊളിച്ചു പണിയുക മാത്രമാണ് ഇനി വെള്ളക്കെട്ടിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗം. റോഡും കാനയും ഉയർത്തിപ്പണിതതോടെ സ്‌കൂളുൾ മുറ്റത്തെ വെള്ളം പുറത്തേക്ക് പോകുന്നില്ല. വെള്ളക്കെട്ടിൽ നിന്ന് രക്ഷപ്പെടാൻ മണ്ണിട്ട് ഉയർത്തിയ മുറ്റം ഇപ്പോൾ വരാന്തയ്‌ക്കൊപ്പമാണ്. അതിനാൽ ഇനി കെട്ടി‌‌ടം പൊളിച്ചു പണിയുകയാണ് ശാശ്വതമായ പരിഹാരം.

കെ.വി.പി കൃഷ്‌ണകുമാർ

കൗൺസിലർ