കൊച്ചി : കേരളത്തെ വീണ്ടും പേടിപ്പെടുത്തിയ നിപയെ തളയ്ക്കാൻ ആരോഗ്യമന്ത്രി മുതൽ ശുചീകരണ തൊഴിലാളികൾ വരെ രാപ്പകൽ കർമ്മനിരതരാണ്. ഇവർ ഒരു മെയ്യായി പ്രവർത്തിക്കുന്നതിന്റെ നേർക്കാഴ്ച എറണാകുളം മെഡിക്കൽ കോളേജിലെ ഡോ. ഗണേഷ് മോഹൻ ഫേസ്ബുക്കിൽ പങ്കുവച്ചത് വൈറലായി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലെ അനുഭവമാണ് ഡോക്ടർ ഒടുവിൽ കുറിച്ചത്.
ജില്ലാ ഹെൽത്ത് ഓഫീസർ ശ്രീനിവാസന്റെ നേതൃത്വത്തിൽ മൂന്നു രോഗികളെ നിപ സംശയത്തിൽ വെള്ളിയാഴ്ച രാത്രി ആശുപത്രിയിലെത്തിച്ചു. വിവരം ഡൽഹിയിലായിരുന്ന മന്ത്രി കെ.കെ. ശൈലജയെ അറിയിച്ചു. 'ടെൻഷൻ വേണ്ട ഗണേഷ്, എല്ലാം ശരിയാകും. നമ്മുടെ പുതിയ സംവിധാനത്തിൽ ടെസ്റ്റ് ചെയ്യൂ' എന്നായിരുന്നു മറുപടി. സമയം രാത്രി 9.30 ആയിരുന്നു.
പൂനെ സംഘം ലാബ് പൂട്ടി പോയിരുന്നു. ഫോണിൽ വിളിച്ചപ്പോൾ ഒരു മടിയും കൂടാതെ അവർ തിരികെവന്നു. 'ടെസ്റ്റ് ചെയ്യാം, തീരുമ്പോൾ നേരം വെളുക്കും. ഭക്ഷണവും തിരികെപ്പോകാൻ വാഹനവും റെഡിയാക്കുമല്ലോ..." ഇതു മാത്രമായിരുന്നു ആവശ്യം. ഡോ. റീമ സഹായിയുടെ നേതൃത്വത്തിൽ മൂന്നുപേരെത്തി. സാമ്പിളുകളെടുത്ത് ഡോ. നിഖിലേഷ് ലാബിൽ എത്തിച്ചപ്പോൾ രാത്രി 12 കഴിഞ്ഞു.
നാലഞ്ചു ദിവസത്തെ ക്ഷീണംകൊണ്ട് ഞാൻ മയങ്ങിപ്പോയി. വെളുപ്പിന് 3.30ന് ഫോൺബെൽ കേട്ടു ഞെട്ടിയുണർന്നു. ഡോ. റീമയാണ്. സാമ്പിളുകൾ നെഗറ്റീവ് എന്ന ആശ്വാസ വാക്ക്. വിവരം ആരോഗ്യമന്ത്രിയോട് പറയാൻ പുലരുംവരെ കാക്കണോയെന്ന് സംശയിച്ചു. അപ്പോൾതന്നെ പറയണമെന്നു തോന്നി 3.40ന് മന്ത്രിയെ വിളിച്ചു. ഒറ്റ റിംഗിൽ ഫോൺ എടുത്തു. 'റിസൾട്ട് നോർമൽ അല്ലേ? ' എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. 'ഇനി നീ ഉറങ്ങിക്കോളൂ, അവനവന്റെ ആരോഗ്യം നോക്കണേ.' എന്ന സ്നേഹോപദേശവും.
ആയിരക്കണക്കിന് കാതങ്ങൾ അകലെ, റിസൾട്ട് അറിയാൻ ഉണർന്നിരുന്ന ആരോഗ്യമന്ത്രി. അത്താഴം കഴിക്കാതെ അന്യനാട്ടിൽ നട്ടപ്പാതിരായ്ക്ക് നിപ വൈറസിനെ പരതുന്ന മൂന്നു സ്ത്രീകൾ. കോഴിക്കോട്ട് നിന്നു വന്ന് ഒരാഴ്ചയായി എറണാകുളത്തു ചികിത്സയും സംവിധാനങ്ങളും ചിട്ടപ്പെടുത്താൻ ക്യാമ്പ് ചെയ്യുന്ന ഡോ. ചാന്ദ്‌നി. ഇവരൊക്കെയാണ് നിപയിൽ നിന്ന് നാടിനെ രക്ഷിക്കാൻ കാവൽ നിൽക്കുന്നത്.
ബിഗ് സല്യൂട്ട്
ഐസൊലേഷൻ വാർഡിലെ മാലിന്യങ്ങൾ സംസ്കരിക്കാൻ രാത്രി പത്തിന് മഴ വകവയ്ക്കാതെ പോകുന്ന ശുചീകരണ തൊഴിലാളികളുടെ സമർപ്പണവും ഡോ. ഗണേഷ്മോഹൻ എടുത്തു പറഞ്ഞിട്ടുണ്ട്. മഴയെന്നു പറഞ്ഞ് അവർക്ക് വേണമെങ്കിൽ അപ്പോൾ പോകാതിരിക്കാം. ഉറച്ച കാൽവയ്പുകളോടെ ഭയത്തെ ശാസ്ത്രം കൊണ്ട് നേരിട്ടവരാണ് അവർ. അവരുടെ അർപ്പണത്തിന് മുമ്പിൽ ശിരസ് നമിക്കുന്നു, അവരിൽ ഒരാളായതിൽ അഭിമാനിക്കുന്നു.